Flex Boards | കോടതി നടപടി കടുപ്പിക്കുമ്പോഴും പൊതുസ്ഥലങ്ങളിൽ ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നത് തുടരുന്നു; ഇടപെടാതെ അധികൃതർ

● കോടതി നടപടികൾ ശക്തമാക്കാത്ത പക്ഷം നിയമലംഘനങ്ങൾ തുടർക്കഥയാകും.
● രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ മൂലം ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിക്കുന്നു.
● 5000 രൂപ വരെയുള്ള പിഴ ചുമത്താൻ കോടതി നിർദേശമുണ്ട്
കാസർകോട്: (KasargodVartha) ഹൈകോടതി നിർദേശം ലംഘിച്ച് പലയിടത്തും ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നത് തുടരുന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള കൂറ്റൻ ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചതിന് പോലും പിഴ അടക്കമുള്ള നടപടിയാണ് സ്വീകരിച്ചിരുന്നത്. കൊടി തോരണങ്ങളും, ഫ്ലക്സ് ബോർഡുകളും പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നവർക്കെതിരെ ഹൈകോടതി നടപടി കടുപ്പിച്ചിട്ടും പൊതു ഇടങ്ങളിൽ ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതിൽ ഒരു കുറവുമില്ല.
ഫ്‌ലക്‌സ് ബോർഡ് എടുത്ത് മാറ്റിയില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് തന്നെ പിഴ ചുമത്തുമെന്നുള്ള ഹൈകോടതിയുടെ മുന്നറിയിപ്പ് സെക്രട്ടറിമാർ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
അനധികൃത ഫ്‌ലക്‌സ് ബോർഡുകളും, കൊടി തോരണങ്ങളും നീക്കം ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ പോലും അന്വേഷണം നടത്താൻ എസ് പിയോട് ഹൈകോടതി നിർദ്ദേശിച്ചിരുന്നു.
പിണറായി പഞ്ചായത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പൊതുനിരത്തുകളിൽ ഫ്‌ലക്‌സ് ബോർഡ് കണ്ടാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് 2024 ഡിസംബർ മാസം ഇറങ്ങിയ ഉത്തരവിൽ ഹൈക്കോടതി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദേശം നൽകിയിരുന്നു. എന്നിട്ടും പഞ്ചായത്ത് നടപടികൾക്ക് കാത്തിരിക്കുകയാണ് ഹൗസ് ഓഫീസർമാർ.
ഇതിനിടെ, കുമ്പള ടൗണിൽ ഫ്‌ലക്‌സ് ബോർഡുകൾ വീണ്ടും സ്ഥാപിച്ചത് വിമർശന വിധേയമായിട്ടുണ്ട്. മൂക്കിന് താഴെയുള്ള കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധ ഫ്ലക്സ് ബോർഡിൽ പതിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഒരുമാസം മുമ്പ് കുമ്പള പഞ്ചായത്തിലെ മൊഗ്രാലിൽ സ്വകാര്യ ആശുപത്രി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ പഞ്ചായത്തിന്റെ മൂക്കിന് താഴെ കുമ്പള ടൗണിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ വെടിക്കെട്ട് ഉത്സവത്തിൽ ടൗണിൽ കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നതിൽ പഞ്ചായത്ത് കുമ്പളയിലെ ഏറ്റവും വലിയ ഉത്സവം എന്ന നിലയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സംഘടനകളും മറ്റും ഫ്ലക്സ് ബോർഡുകൾ പൊതു നിരത്തുകളിൽ സ്ഥാപിക്കൽ തുടരുകയാണ്. ഇത്തരം അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ 5000 രൂപ വരെയുള്ള പിഴ ചുമത്താൻ കോടതി നിർദേശമുണ്ട്.
ഈ വാർത്ത പങ്കുവെയ്ക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!
Despite court orders to remove illegal flex boards, the installation continues in public spaces, with authorities failing to take action in Kasaragod.
#FlexBoards #CourtOrder #KasaragodNews #IllegalFlex #PublicSpace #AuthoritiesInaction