Ruling | കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി മതാചാരപ്രകാരം മറവ് ചെയ്യാൻ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കാന്‍ കോടതി വിധി; വ്യാഴാഴ്ച ഏറ്റുവാങ്ങും
● 18 വർഷം മുമ്പ് ഗോവയിലാണ് കൊല്ലപ്പെട്ടത്
● സഫിയയുടെ തലയോട്ടി കോടതിയിൽ സൂക്ഷിച്ചിരുന്നു.
● മാതാപിതാക്കളുടെ ഹർജി പ്രകാരം വിട്ടുകൊടുക്കാൻ ഉത്തരവിട്ടു.
കാസര്‍കോട്: (KasargodVartha) ഗോവയിലെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട കുടക് അയ്യങ്കേരി സ്വദേശിനി സഫിയ (13) യുടെ തലയോട്ടി മതാചാരപ്രകാരം മറവുചെയ്യുന്നതിന് മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു. 18 വര്‍ഷം മുമ്പാണ് സഫിയ ഗോവയിലെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ തെളിവായി സൂക്ഷിച്ച സഫിയയുടെ തലയോട്ടി പിതാവ് മൊയ്തുവിനും മാതാവ് ആഇശ ഉമ്മയ്ക്കും വിട്ടുകോടുക്കാനാണ് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്.
കേസില്‍ ഒന്നാം പ്രതിയായ കരാറുകാരന്‍ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സി ഹംസക്ക് ജില്ലാ കോടതി വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷ പിന്നീട് ഹൈകോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു. ഗോവയില്‍ കരാറുകാരനായിരുന്ന ഹംസ താമസിച്ച ഫ്‌ലാറ്റില്‍ ജോലിക്കാരിയായിരുന്നു സഫിയ.
2006 ഡിസംബറില്‍ ഹംസയും ഭാര്യ മൈമൂനയും സഫിയയെ ഗോവയിലെ ഫ്‌ലാറ്റിലെത്തിക്കുകയും ഇവിടെ താമസിച്ചുവരുന്നതിനിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഹംസ കരാറെടുത്ത പാലത്തിന് അടുത്തുള്ള കനാലിന് സമീപം കുഴിച്ചിടുകയും ചെയ്‌തെന്നാണ് കേസ്.
പാചകത്തിനിടെ സഫിയക്ക് പൊള്ളലേറ്റപ്പോള്‍ ബാലപീഡനക്കേസ് ഭയന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് ഹംസയും കൂട്ടുപ്രതിയായ മൈമൂനയും പൊലീസിനോട് വെളിപ്പെടുത്തിയത്. കൊലപാതകത്തിന് കൂട്ടുനിന്നെന്ന കുറ്റത്തിനാണ് മൈമൂനക്കെതിരെ കേസെടുത്തിരുന്നത്. 2008 ജൂണ്‍ അഞ്ചിന്, ഗോവയില്‍ നിര്‍മാണത്തിലിരിക്കുന്ന അണക്കെട്ടിന് സമീപത്ത് നിന്നാണ് സഫിയയുടെ അസ്ഥികൂടം പുറത്തെടുത്തത്.
കുറ്റപത്രത്തിനൊപ്പം തലയോട്ടിയടക്കമുള്ള ശരീര ഭാഗങ്ങള്‍ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. മകളെ മതാചാരപ്രകാരം ഖബറടക്കണമെന്ന ആഗ്രഹവുമായി മാതാപിതാക്കള്‍ കേസിലെ പബ്ലിക് പ്രോസിക്യൂടര്‍ സി ശുകൂറിനെ കഴിഞ്ഞ മാസം സമീപിച്ചിരുന്നു. തുടര്‍ന്നാണ് തലയോട്ടി വിട്ടുകിട്ടാന്‍ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ ഹർജി നല്‍കിയത്. ജഡ്‌ജ് സാനു എസ് പണിക്കറാണ് തലയോട്ടി മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടത്. തലയോട്ടി സഫിയയുടെ മാതാപിതാക്കള്‍ വ്യാഴാഴ്ച കോടതിയില്‍ നിന്ന് ഏറ്റുവാങ്ങും.
#justiceforsafia #safiamurdercase #indiacourt #religiousburial #goa #kerala