Ruling | '5 ദിവസം പ്ലകാർഡ് പിടിച്ച് വിവിധയിടങ്ങളിൽ ബോധവത്കരണം നടത്തണം'; മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടാൻ യുവാവിന് കോടതി വിധിച്ചത് കടുത്ത നടപടി

● 3.06 ഗ്രാം എംഡിഎംഎയുമായാണ് പ്രതി പിടിയിലായത്.
● രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ബോധവൽക്കരണം നടത്തണം.
● ബോധവൽക്കരണത്തിന്റെ വീഡിയോ കോടതിയിൽ സമർപ്പിക്കണം.
കാസർകോട്: (KasargodVartha) മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിക്ക് ജാമ്യം നൽകാൻ കാസർകോട് ജില്ലാ സെഷൻസ് കോടതി വിധിച്ചത് കടുത്ത നടപടി. 3.06 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സഫ്‌വാന് (25) ആണ് കാസർകോട് ജില്ലാ സെഷൻസ് ജഡ്ജി സാനു എസ് പണിക്കർ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പ്രതി മയക്കുമരുന്നിനെതിരെ ബോധവൽക്കരണം നടത്തണമെന്ന് കോടതി നിർദേശിച്ചു.
'നിങ്ങൾ മദ്യവും ലഹരിയും വർജിക്കുക, ലഹരി വഴി നിങ്ങൾക്ക് നഷ്ടമാകുന്നത് നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തേയുമാണ്', എന്ന് എഴുതിയ ബോർഡുമായി രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തണമെന്നാണ് കോടതി പ്രതിയോട് നിർദേശിച്ചത്. യുവാവ് കോടതി വിധിയനുസരിച്ച് നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ വീഡിയോ ചിത്രീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്ന് പൊലീസിനോടും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2024 മെയ് 18ന് കാഞ്ഞങ്ങാട് നിന്നാണ് അബ്ദുൽ സഫ്‌വാനെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ഇൻസ്പെക്ടർ പി അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്ന അപേക്ഷയുമായി അബ്ദുൽ സഫ്‌വാൻ ജില്ലാ കോടതിയെ സമീപിച്ചു. ജാമ്യം നൽകാൻ തയ്യാറായ കോടതി, മയക്കുമരുന്നിനെതിരെ ബോധവൽക്കരണം നടത്താൻ പ്രതിയോട് നിർദേശിക്കുകയായിരുന്നു.
#DrugCase #Bail #PublicAwareness #Kasaragod #MDMA #KeralaCourts