Order | ‘പെൺകുട്ടിയുമായി ബൈക് യാത്ര നടത്തി’; യുവാവിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തത് തട്ടിക്കൊണ്ടുപോയതിന്; മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

● പെൺകുട്ടിയോ മാതാവോ പരാതി നൽകിയില്ല
● പൊലീസ് സ്വമേധയാ കേസെടുത്തു.
കാസർകോട്: (KasargodVartha) പൊലീസ് സ്വമേധയ രജിസ്റ്റർ ചെയ്ത 17 കാരിയെ തട്ടിക്കൊണ്ട് പോയെന്ന കേസിൽ ലക്ഷ്വദീപ് സ്വദേശിയായ 23 കാരന് കാസർകോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട്ടെ ഒരു പ്രമുഖ ആശുപത്രിയിൽ സർജറി വിഭാഗത്തിൽ ജോലി ചെയ്യുന്ന യുവാവും, ഇതേ ആശുപത്രിയിൽ നഴ്സിങ് കോളജിൽ അഡ്‌മിഷൻ ലഭിച്ചതിന് ശേഷം നഴ്സിങിനെ കുറിച്ച് പഠിക്കാൻ രണ്ട് മാസം ട്രെയിനിയായി നിന്ന 17 കാരിയും ബൈകിൽ രാത്രി കറങ്ങിയതിന്റെ പേരിലാണ് കാസർകോട് വനിതാ പൊലീസ് സ്വമേധയാ കേസെടുത്തത്.
ഇതേ ദിവസം ആശുപത്രിയിൽ ഓണാഘോഷം നടന്നിരുന്നു. ആഘോഷങ്ങൾ കഴിഞ്ഞ് രാത്രിയോടെ എല്ലാവരും പിരിഞ്ഞുപോയ ശേഷം രാത്രി ഡ്യൂടിയുള്ളവർ മാത്രം ഉള്ള സമയത്താണ് ജീവനക്കാരുടെയെല്ലാം മുന്നിൽ വെച്ച് പെൺകുട്ടി യുവാവിനോട് തനിക്ക് ബൈകിൽ കാസർകോട് നഗരം ചുറ്റിക്കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രി 12.45 മണിയോടെ ആശുപത്രിയിൽ നിന്നും യുവാവും പെൺകുട്ടിയും ബൈകിൽ നഗരം കാണാൻ പുറപ്പെട്ടു.
ഇടയ്ക്ക് മഴ വന്നതിനാൽ ഇവർ കടവരാന്തയിൽ കയറി നിന്നിരുന്നു. മഴ നിന്ന് രണ്ട് മണിക്കൂറിന് ശേഷം പുലർച്ചെ 2.45 മണിയോടെയാണ് ഇവർ ആശുപത്രിയിൽ തിരിച്ചെത്തിയത്. വൈകി വന്നതിന്റെ പേരിൽ ഇരുവരെയും ബന്ധപ്പെട്ടവർ ശാസിച്ചിരുന്നു. എന്നാൽ ഇവർ കാര്യങ്ങൾ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ അവിടെ പറഞ്ഞുതീർത്തിരുന്നു.
എന്നാൽ ചിലർ ഈ വിഷയം കുത്തിപ്പൊക്കുകയും പുറമെ നിന്നുള്ള ചില സംഘടനയുടെ ആളുകൾ അടക്കം വന്ന് യുവാവിനെതിരെ പരാതി നൽകാൻ പെൺകുട്ടിയിലും അമ്മയിലും ആശുപത്രി ഉടമയിലും ശക്തമായ സമ്മർദം ചെലുത്തുകയുമായിരുന്നു. എന്നാൽ പരാതി നൽകാൻ പെൺകുട്ടിയോ അമ്മയോ വഴങ്ങിയില്ല. സമ്മർദം ശക്തമായതിനെ തുടർന്ന് ആശുപത്രി ഉടമ പൊലീസിനോട് ഇതുമായി ബന്ധപ്പെട്ട് രഹസ്യമായി അന്വേഷണം നടത്തി കാര്യങ്ങളുടെ സത്യാവസ്ഥ അറിയണമെന്നും യുവാവും പെൺകുട്ടിയും അന്യമതത്തിൽ പെട്ടവരായതിനാൽ വർഗീയപരമായ രീതിയിലേക്ക് കാര്യങ്ങൾ എത്താനിടയുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം ബിഎൻഎസ് സെക്ഷൻ 137 (2) പ്രകാരം തട്ടിക്കൊണ്ട് പോകലിന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അമ്മയും മകളും പരാതിയില്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയും നടത്തി. എന്നാൽ പരിശോധനയിൽ സംശയകരമായ റിപോർടുകൾ ഒന്നും ഉണ്ടായിരുന്നില്ല. പരാതി നൽകാൻ പെൺകുട്ടിയോ അമ്മയോ തയ്യാറാകാത്തതിനാലാണ് പൊലീസ് സെപ്റ്റംബർ 20ന് സ്വമേധയാ കേസെടുത്തത്. പെൺകുട്ടിയുടെ മാതാവിൽ നിന്നും പലതവണ പൊലീസ് മൊഴിയെടുത്തുവെങ്കിലും അവർ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാകാൻ ഒരു മാസം ബാക്കിയിരിക്കെയാണ് കേസുണ്ടായത്.
കേസെടുത്ത വിവരം അറിഞ്ഞതോടെ യുവാവ് അഡ്വ. സാജിദ് കമ്മാടം വഴി കാസർകോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. നവംബർ 27ന് കേസ് പരിഗണിച്ചപ്പോൾ യുവാവിന് മുൻകൂർ ജാമ്യം നൽകിയാൽ, ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ടവരായതിനാൽ ജില്ലയിൽ സാമുദായിക സംഘർഷം ഉണ്ടാകുമെന്ന് പ്രോസിക്യൂഷൻ നിലപാട് എടുത്തിരുന്നു. എന്നാൽ കേസിലൊരു വ്യക്തതയില്ലെന്ന സൂചനകൾ കോടതി നൽകി. വിശദമായ വാദം കേൾക്കുന്നതിനായി ഡിസംബർ മൂന്നിന് കേസ് മാറ്റിവെച്ചു.
ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോൾ സാമുദായിക സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വാദം പ്രോസിക്യൂഷൻ ആവർത്തിച്ചെങ്കിലും അമ്മയും മകളും പരാതിയില്ലെന്നു പറഞ്ഞതിനാൽ ജാമ്യത്തെ എതിർത്തില്ല. ഇതിനിടയിൽ പ്രതിഭാഗം അഭിഭാഷകൻ സംഭവത്തിൽ നിജസ്ഥിതി വ്യക്തമാക്കുന്നതിനായി പെൺകുട്ടിയെയും മാതാവിനെയും അന്ന് ആശുപത്രിയിൽ ഡ്യൂടിയിൽ ഉണ്ടായിരുന്ന നഴ്സിനെയും കോടതിയിൽ എത്തിച്ചിരുന്നു.
എന്നാൽ അവരുടെ ഭാഗങ്ങൾ കേൾക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി യുവാവിന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. 'ഒരു വ്യക്തിയെ എവിടേക്കെങ്കിലും കൊണ്ടുപോകുന്നത് ഒരു കുറ്റകൃത്യമല്ല. അത് ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് ചെയ്തതെങ്കിൽ മാത്രമേ അത് കുറ്റകരമാകൂ. ഈ കേസിൽ, ഇരുവരും പുറത്തുപോയപ്പോൾ മറ്റൊരു കുറ്റവും ചെയ്തിട്ടില്ല', യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്‌ജ് വാക്കാൽ നിരീക്ഷിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ രണ്ട് ദിവസങ്ങളിലായി ഓരോ മണിക്കൂർ മാത്രം ചോദ്യം ചെയ്‌താൽ മതിയെന്നും അത് വൈകീട്ട് അഞ്ച് മണിക്കും ആറ് മണിക്കും ഇടയിലായിരിക്കണമെന്നും കോടതി നിർദേശിച്ചു. പൊലീസിന് മാത്രം പരാതിയുള്ള കേസിൽ കോടതിയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലാണ് ഉണ്ടായത്. കേസിന്റെ തുടർ നടപടികൾ മുന്നോട്ട് പോകുന്നതിനിടെ പെൺകുട്ടി നഴ്സിങ് കോളജിൽ അഡ്മിഷൻ ലഭിച്ച് പഠനം തുടങ്ങിയിട്ടുണ്ട്.
കോടതി വിധിയോടെ, പൊലീസ് ഇനി യുവാവിനെ ബുദ്ധിമുട്ടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി പെൺകുട്ടിയുടെ അമ്മ പറയുന്നു. തന്നെയും പല തവണ സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ടെന്നും ഇനി അവർ തങ്ങളെ സമാധാനത്തോടെ വിടുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു. യുവാവ് എഫ്ഐആർ റദ്ദാക്കാൻ ഹൈകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനും അറിയിച്ചു.
#KasargodCase #AnticipatoryBail #GirlAbduction #CourtDecision #Lakshadweep #PoliceInvestigation