Bail Denied | സച്ചിത റൈ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി; യുവതിയെ പിടികൂടാൻ പൊലീസ് കോഴിക്കോട്ട്
● 15 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കോടതിയെ സമീപച്ചത്
● യുവതിക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
● ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതികൾ
കുമ്പള: (KasargodVartha) സിപിസിആർഐ, കേന്ദ്രീയ വിദ്യാലയം, വിവിധ ബാങ്കുകൾ അടക്കം നിരവധി സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ ഡിവൈഎഫ്ഐ മുൻ വനിതാ നേതാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സച്ചിത റൈ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇവർക്കതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷ നൽകരുതെന്നുമുള്ള പൊലീസിന്റെയും പ്രോസിക്യൂഷണറെയും റിപോർട് പരിഗണിച്ചാണ് കോടതി വിധി.
ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് കിദൂരിലെ നിഷ്മിത ഷെട്ടി നൽകിയ പരാതിയിൽ കുമ്പള പൊലീസെടുത്ത കേസിലാണ് സച്ചിതാ റൈ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അതിനിടെ സച്ചിതാ റൈയെ പിടികൂടാൻ പൊലീസ് കോഴിക്കോട്ട് എത്തിയതായി വിവരമുണ്ട്. പുത്തിഗെ ബാഡൂർ എയ്‌ഡഡ് സ്‌കൂളിലെ അധ്യാപികയായ യുവതി ആറ് മാസത്തെ പ്രസവാവധിയിലാണ്.
ഇവർ കോഴിക്കോട്ടെ ഭർതൃവീട്ടിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം കോഴിക്കോട്ടേക്ക് തിരിച്ചത്. എന്നാൽ സച്ചിതാ റൈ കോഴിക്കോട്ട് നിന്ന് രണ്ട് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി പോയതായാണ് വിവരം. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ സച്ചിതാ ഹൈകോടതിയെ സമീപിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് വിവരമുണ്ട്.
കേസെടുത്ത് രണ്ട് ദിവസം സച്ചിത റൈയുടെ മൊബൈൽ ഫോൺ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് സ്വിച് ഓഫ് ചെയ്‌ത നിലയിലാണെന്നാണ് പറയുന്നത്. ഇവരുടെ മൊബൈൽ ടവർ ലൊകേഷൻ എറണാകുളത്ത് ആണ് കാണിച്ചതെന്നാണ് അന്വേഷണ വൃത്തങ്ങൾ നൽകുനൻ സൂചന. തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് ഇവർ എറണാകുളത്ത് ഫ്‌ലാറ്റ് വാങ്ങിയതായുള്ള പ്രചാരണം ശക്തമാണ്. ഹൈകോടതിയും കൈവിട്ടാൽ സച്ചിത പൊലീസിൽ കീഴടങ്ങുമെന്നാണ് സൂചന.
അതിനിടെ സച്ചിത റൈക്കെതിരെ കാസർകോട്ടും ബദിയഡുക്കയിലും രണ്ട് പരാതികൾ കൂടി എത്തിയിട്ടുണ്ട്. മൊഗ്രാൽ പുത്തൂരിലെ പി എ നഫീസത് ശിഫാന നൽകിയ പരാതിയാണ് ഇതിലൊന്ന്. സിപിസിആർഐയിൽ ജോലി വാഗ്ദാനം ചെയ്ത് 1.40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
സച്ചിതാ റൈക്കെതിരെ ബദിയഡുക്ക നാരംപാടിയിലെ രക്ഷിതയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. സിപിസിആർഐയിലോ എസ്‌ബിഐയിലോ ക്ലറികൽ പോസ്റ്റോ അതല്ലെങ്കിൽ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപിക ജോലിയോ വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ രണ്ട് സംഭവത്തിലും പൊലീസ് കേസെടുക്കാതെ ഉരുണ്ട് കളിക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
#SachithaRai #FraudCase #KeralaNews #PoliceAction #CourtRuling #JobScam