Currency | കാസർകോട്ട് ബാങ്കിലടക്കാൻ വ്യാപാരി കൊണ്ടുവന്ന മൂന്നര ലക്ഷത്തിൻ്റെ കറൻസികളിൽ 500ൻ്റെ 5 വ്യാജൻ; പൊലീസ് അന്വേഷണം ഊർജിതമാക്കി
● ബാങ്ക് ഓഫ് ഇൻഡ്യയുടെ കാസർകോട് ബ്രാഞ്ചിലാണ് സംഭവം.
● ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകി.
● പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നു.
കാസര്‍കോട്: (KasargodVartha) നഗരത്തിലെ വ്യാപാരി ബാങ്കില്‍ അടയ്ക്കാനായി കൊണ്ടു വന്ന കറൻസി കെട്ടുകൾക്കിടയിൽ 500 ൻ്റെ അഞ്ച് കള്ളനോടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് ബാങ്കിൽ കറൻസി കെട്ടുകൾ എത്തിച്ചത്.
കാസര്‍കോട് എംജി റോഡിലെ ബാങ്ക് ഓഫ് ഇൻഡ്യ ബ്രാഞ്ചിലെ ജീവനക്കാരാണ് അടക്കാൻ കൊണ്ടുവന്ന വ്യാജ നോടുകള്‍ കണ്ടെടുത്തത്. നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പേരില്‍ ഉള്ള അകൗണ്ടില്‍ അടയ്ക്കാനായി ഇ കെ മുനവ്വീര്‍ എന്ന ജീവനക്കാരൻ കൊണ്ടുവന്ന 3,54,200 രൂപയുടെ നോട് കെട്ടിലാണ് ഇവ കണ്ടെത്തിയത്.
ശ്രദ്ധയില്‍പ്പെട്ടതോടെ ബാങ്ക് മാനജറായ നീലേശ്വരം ചാമക്കുഴിയിലെ ലതിക ടൗണ്‍ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി ഇവ ബന്തവസിലെടുക്കുകയുമായിരുന്നു. തുടർന്ന് ബാങ്ക് മാനജറുടെ പരാതിയിൽ കേസെടുത്തു. അന്വേഷണം ഊർജിതമാക്കിയതായും കള്ളനോടിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.
#CounterfeitCurrency #FakeNotes #Kasaragod #BankFraud #PoliceInvestigation #KeralaCrime