Investigation | കുമ്പള പഞ്ചായതിൽ 11 ലക്ഷത്തിലധികം രൂപ അകൗണ്ടന്റ് തട്ടിയെന്ന പരാതിയിൽ അന്വേഷണം വിജിലൻസിന്
ആദ്യം എഴുതിയെടുന്ന ശമ്പളം ജീവനക്കാർക്ക് നൽകുകയും രണ്ടാമതും ശമ്പളം എഴുതി അത് യുവാവിന്റെ ബന്ധുക്കളുടെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്
കുമ്പള: (KasargodVartha) ഗ്രാമപഞ്ചായതിന്റെ തനത് തുകയിൽ നിന്നും ഉദ്യോഗസ്ഥരുടെ പേരിൽ ഇരട്ട ശമ്പളവും കരാറുകാരൻ്റെ ബിൽ തുകയായ മൂന്ന് ലക്ഷം രൂപയും അടക്കം 11 ലക്ഷത്തിലധികം രൂപ എഴുതിയെടുത്ത് ബന്ധുക്കളുടെ അകൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തെന്ന പരാതിയിൽ അന്വേഷണം വിജിലൻസിന്. സർകാർ തുക തട്ടിയ സംഭവം ആയത് കൊണ്ടാണ് അന്വേഷണം വിജിലൻസിലെത്തിയത്.
ഇതിൻ്റെ ഭാഗമായി പഞ്ചായത് സെക്രടറി കാസർകോട് വിജിലൻസിൽ പരാതി സമർപ്പിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി ഉടൻ വിജിലൻസ് ഡയറക്ടർക്ക് റിപോർട് നൽകുമെന്നും അതിന് ശേഷമാകും കേസെടുക്കുകയെന്നും കാസർകോട് വിജിലൻസ് ഡിവൈഎസ്പി കാസർകോട് വാർത്തയോട് പറഞ്ഞു.
പാലക്കാട് സ്വദേശിയും കുമ്പള പഞ്ചായതിലെ അകൗണ്ടന്റുമായ എം രമേശ് ആണ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എട്ട് മാസം മുമ്പാണ് രമേശ് പഞ്ചായതിൽ അകൗണ്ടന്റ് ആയി എത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇത്രയും വലിയ തുക യുവാവ് തട്ടിയത്. പഞ്ചായത് സെക്രടറിയുടെ യൂസർ ഐഡിയും പാസ്‌വേഡും സൂത്രത്തിൽ കൈക്കലാക്കിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ആദ്യം എഴുതിയെടുന്ന ശമ്പളം ജീവനക്കാർക്ക് നൽകുകയും രണ്ടാമതും ശമ്പളം എഴുതി അത് യുവാവിന്റെ ബന്ധുക്കളുടെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഒരു കരാറുകാരന്റെ മൂന്ന് ലക്ഷം രൂപയുടെ ബിൽ തുകയും ഇയാൾ മാറിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോലിയുടെ കാര്യത്തിൽ അലംഭാവം കാട്ടിയതിന്റെ പേരിൽ ഇയാളെ ഭരണസമിതി യോഗം രണ്ട് മാസം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.
ഇയാൾ നടത്തിവന്ന ഇടപാടുകൾ എല്ലാം പരിശോധിച്ചപ്പോഴാണ് ആദ്യം അഞ്ച് ലക്ഷം രൂപയുടെ കൃത്രിമം കണ്ടെത്തിയതെന്നും വിശദമായ പരിശോധനയിലാണ് 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായതെന്നുമാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. ഇയാൾക്കെതിരെ വിശദമായ അന്വേഷണം പഞ്ചായത് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. അകൗണ്ടൻ്റിനെതിരെ വകുപ്പ് തല നടപടിയും വൈകാതെ ഉണ്ടാകും.
തട്ടിപ്പിൽ മറ്റാർക്കും ബന്ധമില്ലെന്നാണ് ജോയിൻറ് ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ് വിവരം. സെക്രടറിയുടെ വിശ്വാസത്തെ ഇയാൾ സമർത്ഥമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് സൂചനകൾ പുറത്ത് വരുന്നത്. വിജിലൻസിൻ്റെ കൂടി അന്വേഷണം വരുന്നതോട് കൂടി യഥാർഥ സത്യം പുറത്ത് വരും.
അതേസമയം, കഴിഞ്ഞ ദിവസം വിഷയം ചർച്ച ചെയ്യാൻ വിളിച്ച ഭരണ സമിതി യോഗത്തിൽ ബഹളം നടന്നിരുന്നു. ബിജെപി അംഗങ്ങളുടെ വിയോജന കുറിപ്പോടെ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് ഭരണസമിതി പ്രമേയം പാസാക്കിയത്.