Conflict | ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ സ്ഥലത്തെ വിവാദ ഇരിപ്പിടം പൊലീസ് തകര്‍ത്തു; ഒത്തുതീര്‍പ്പ് ചര്‍ച്ച
കാസര്‍കോട്: (KasargodVartha) വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സമാധാനം പുന:സ്ഥാപിക്കാന്‍ വിദ്യാനഗര്‍ സി ഐയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് യോഗം വിളിച്ചുചേര്‍ത്തു. അതിനിടെ ഞായറാഴ്ച അര്‍ധ രാത്രിയോടെ പൊലീസ് സ്ഥലത്തെ വിവാദ ഇരിപ്പിടം പൊളിച്ചു നീക്കി.
രണ്ട് പ്രദേശത്തെ യുവാക്കളാണ് ഇരിപ്പിടവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ ഏറ്റുമുട്ടിയതെന്ന് പൊലീസും പ്രദേശവാസികളും പറയുന്നു. സംഘട്ടനവുമായി ചെര്‍ക്കള പ്രദേശത്തുകാര്‍ക്ക് ബന്ധമില്ലെന്ന് ആ നാട്ടുകാരും വ്യക്തമാക്കി.
നാലാം മൈല്‍ പാണാര്‍കുളം പള്ളിക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം കെട്ടാന്‍ കുറച്ചു സ്ഥലം പള്ളി കമിറ്റി രണ്ടര വര്‍ഷം മുമ്പ് ഒരു ക്ലബിന് വിട്ട് കൊടുത്തിരുന്നതായി പറയുന്നു. എന്നാല്‍ ക്ലബ് ഇവിടെ അവരുടെ കെട്ടിടം നിര്‍മിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ ജമാഅത് കമിറ്റി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് പള്ളിയുടെ മതില്‍, പൊളിച്ച സ്ഥലത്ത് തന്നെ പുനര്‍ നിര്‍മിച്ച് കൊടുത്തിരുന്നു.
ഇതിനിടയില്‍ ഇവിടെയുണ്ടായിരുന്ന കുഴല്‍ കിണര്‍ മണ്ണിട്ട് മൂടി വായനശാല ഉണ്ടാക്കുന്നതിനായി പഞ്ചായത് എട്ട് ലക്ഷം രൂപയോളം വകയിരുത്തിയിട്ടുണ്ട്. വിലേജ് ഓഫീസറെയും മറ്റും സ്വാധീനിച്ച് വാടര്‍ അതോറിറ്റിയുടെ സ്ഥലം പഞ്ചായതിന്റെ ആസ്തിയില്‍ പെട്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തുക അനുവദിച്ചതെന്നും ആക്ഷേപമുണ്ട്. വായനശാലയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ഇതിനിടയിലാണ് ഇതിന് തൊട്ടടുത്തായി വിവാദ ഇരിപ്പിടം അഞ്ച് ദിവസം മുമ്പ് കെട്ടിയത്. ഇവിടെ ഇരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഞായറാഴ്ച ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ കലാശിച്ചത്. പ്രശ്നം പുകഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച രാത്രി തന്നെ പൊലീസ് ഇരിപ്പിടം തകര്‍ത്തത്. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ജമാഅത് കമിറ്റിയെയും മറ്റ് ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് തിങ്കളാഴ്ച വൈകിട്ട് അനുരഞ്ജന ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
#VidyanagarClash #KeralaNews #PoliceAction #Dispute #LandOwnership