Arrest | ഉഡുപ്പിയിലെ വിവാദ പരശുരാമൻ പ്രതിമ: ശിൽപി അറസ്റ്റിൽ
● പ്രതിമ നിർമാണത്തിന് 1.30 കോടി രൂപ വാങ്ങി
● ഗുണനിലവാരമില്ലാത്ത പ്രതിമ സ്ഥാപിച്ചുവെന്നാണ് കേസ്
● കാർക്കള എംഎൽഎയുടെ സ്വപ്ന പദ്ധതി
ഉഡുപ്പി: (KasargodVartha) ഉമിക്കൽ മലയിലെ തീം പാർക്കിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമയുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുണ്ടായെന്ന കേസിൽ ശിൽപി കൃഷ്ണ നായ്കിനെ കാർക്കള പൊലീസ് മാഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. വെങ്കലം എന്ന വ്യാജേന ഫൈബർ പ്രതിമ സ്ഥാപിച്ചുവെന്നാണ് കേസ്. കാർക്കള നള്ളൂരിൽ നിന്നുള്ള കൃഷ്ണ ഷെട്ടിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറത്തായത്.
കൃഷ്ണ നായ്ക്, ഉഡുപ്പി നിർമ്മിതി കേന്ദ്രയിൽ നിന്ന് 1.30 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയെന്ന് കാട്ടി കോൺഗ്രസ് നേതാക്കളും പ്രദേശവാസികളും രംഗത്തുവന്നിരുന്നു.
ഈ ക്രമക്കേടുകൾ നിർമ്മിതി കേന്ദ്ര ഡയറക്ടർ കെ അരുൺ കുമാറിന്റെ അറിവോടെയാണെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. 11.05 കോടി രൂപയുടെ പദ്ധതിക്ക് 6.72 കോടി രൂപ നിർമിതി കേന്ദ്രക്ക് അനുവദിച്ചിരുന്നു.
ശിൽപി കൃഷ്ണ നായ്ക് തനിക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഉഡുപ്പി അഡീഷണൽ ജില്ല കോടതിയും കർണാടക ഹൈകോടതിയും തള്ളിയിരുന്നു. ക്രമക്കേടുകൾ നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ വിധി. ഇതേത്തുടർന്ന് പൊലീസ് ശില്പിക്കായി അന്വേഷണം ശക്തമാക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജനുവരി 27ന് അനാഛാദനം ചെയ്ത പ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. ആ വർഷം മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ മന്ത്രി കാർക്കള എംഎൽഎ വി സുനിൽ കുമാർ തന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. എന്നാൽ പിന്നാലെ വിവാദങ്ങളും ഉടലെടുക്കുകയായിരുന്നു.
#UdupiStatueScam #ParashuramaStatue #SculptorArrested #Corruption #KarnatakaNews