കുണിയ കോളജിൽ സംഘർഷം; അധ്യാപികമാരെ തള്ളിയിട്ടതിന് 6 വിദ്യാർത്ഥികൾക്കെതിരെ കേസ്, കോളേജ് അടച്ചു
● അധ്യാപിക ഡോ. പി.എസ്. ലക്ഷ്മി ഭായിയുടെ പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
● ഷംഷാദ്, മുഹമ്മദ് ജവാദ്, മുഹമ്മദ് അജ്‌മൽ, മുഹമ്മദ് അബ്ദുൾ റഹ്മാൻ, അബ്ദുള്ള, റിഷാൻ എന്നിവർക്കെതിരെയാണ് കേസ്.
● വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.
● മാനേജ്മെൻ്റ് കമ്മറ്റിയുടെ യോഗം നടക്കും.
● കോളജ് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
പെരിയ: (KasargodVartha) കുണിയ ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥി ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവത്തിന് പിന്നാലെ കോളജിൽ സംഘർഷാവസ്ഥ. അധ്യാപികമാരെ തള്ളിയിട്ട് പരിക്കേൽപ്പിച്ചതിനും സംഘർഷം സൃഷ്ടിച്ചതിനും കോളജിലെ ആറ് വിദ്യാർത്ഥികൾക്കെതിരെ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച (08.01.2026) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോളജിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സംഭവം ഇങ്ങനെ
കോളജിലെ അധ്യാപിക ഡോ. പി.എസ്. ലക്ഷ്മി ഭായി നൽകിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോളജിലെ ഷംഷാദ് എന്ന വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. കോളജിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് കോളജ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയെന്നും അധ്യാപകരെ ചീത്തവിളിക്കുകയും തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
പരാതിക്കാരിയെ കൂടാതെ കോളജ് ജീവനക്കാരായ സുധീബ്, മുജീബ് എന്നിവരെയും ഓഫിസിനകത്ത് വച്ച് തള്ളിയിട്ട് പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്. മൂന്ന് അധ്യാപകരെ തള്ളിയിട്ട് പരിക്കേൽപ്പിച്ചുവെന്നാണ് കോളജ് അധികൃതർ വ്യക്തമാക്കുന്നത്.
കേസ് ആറ് പേർക്കെതിരെ
സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ വിദ്യാർത്ഥികളായ ഷംഷാദ് (ബി.എ. അറബിക്), മുഹമ്മദ് ജവാദ് (ബി.എ. ഇംഗ്ലീഷ്), മുഹമ്മദ് അജ്‌മൽ (ബി.എ. ഇംഗ്ലീഷ്), മുഹമ്മദ് അബ്ദുൾ റഹ്മാൻ (ബി.എ. ഇംഗ്ലീഷ്), അബ്ദുല്ല (ബി.ബി.എ), റിഷാൻ (ബി.എസ്.ഡബ്ല്യു) എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത പ്രകാരം 126(2) (നിയമവിരുദ്ധ സംഘം ചേരൽ), 115(2) (പരിക്കേൽപ്പിക്കൽ), 296(a) (അസഭ്യ പരാമർശം), 189(2), 190, 191(2) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോളജ് അടച്ചു
സംഘർഷത്തെ തുടർന്ന് കോളജ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കോളജിൽ നടന്ന അനിഷ്ട സംഭവങ്ങൾ ചർച്ച ചെയ്യുന്നതിനായി മാനേജ്മെൻ്റ് കമ്മറ്റിയുടെ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടത്താൻ തീരുമാനിച്ചതായി കോളജ് അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് കോളജ് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബേക്കൽ പൊലീസ് സബ് ഇൻസ്‌പെക്ടർ ബാവ അക്കാരക്കരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോളജ് അധികൃതരുടെയും വിദ്യാർത്ഥികളുടെയും വിശദമായ മൊഴികൾ ശേഖരിച്ച ശേഷമേ തുടർനടപടികളുണ്ടാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പരാതി
കോളജിൽ തങ്ങൾക്ക് യാതൊരു സ്വാതന്ത്ര്യവും അനുവദിക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന പരാതി. കോളജിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന കാര്യത്തിൽ മാനേജ്മെൻ്റ് നിർബന്ധബുദ്ധി പുലർത്തുന്നുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ, നിയമങ്ങൾ മൂന്ന് തവണ ലംഘിച്ചതിനാണ് വിദ്യാർത്ഥിനിയെ സസ്പെൻ്റ് ചെയ്തതെന്ന് മാനേജ്മെൻ്റ് വിശദീകരിക്കുന്നു. വാട്സപ്പ് ഗ്രൂപ്പിൽ അധിക്ഷേപ പരാമർശം നടത്തിയതിനും നടപടിയെടുത്തിട്ടുണ്ടെന്ന് മാനേജ്മെൻ്റ് വൃത്തങ്ങൾ അറിയിച്ചു.
കാമ്പസുകളിൽ അക്രമം പാടുണ്ടോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.
Article Summary: Conflict erupts at Kuniya Arts and Science College; 6 students booked for assaulting teachers.
#KuniyaCollege #Kasargod #KeralaNews #Education #StudentProtest #PoliceCase






