Complaint | ലൈഫ് മിഷനിൽ വീട് ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ സ്ത്രീയെ വിഇഒ പൂട്ടിയിട്ടതായി പരാതി: തിരിച്ചും ആരോപണവുമായി ഉദ്യോഗസ്ഥൻ; കേസുകളെടുത്ത് പൊലീസ്
കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സ്ത്രീക്കും, പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷയും ഉർപ്പെടെ 7 പേർക്കെതിരെയും കേസ്
കാസർകോട്: (KasargodVartha) ലൈഫ് മിഷനിൽ വീടിനായി അപേക്ഷിച്ച രേഖ തിരിച്ചുവാങ്ങാനെത്തിയ സ്ത്രീയെ 15 മിനുറ്റോളം പഞ്ചായത് ഓഫീസിൽ പൂട്ടിയിട്ടെന്ന പരാതിയിൽ വിലേജ് എക്സ്റ്റൻഷൻ ഓഫീസർക്കെതിരെ (VEO) കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. കുഡ്‍ലു അട്കത്ബയലിലെ കെ മിത്രൻ്റെ ഭാര്യ സാവിത്രിയുടെ പരാതിയിലാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത് വിഇഒ അബ്ദുൽ നാസറിനെതിരെ കേസെടുത്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവമെന്ന് പറയുന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിനായി സാവിത്രി നൽകിയ രേഖകളുടെ പകർപ്പ് തിരികെ വാങ്ങാനായി പോയ സമയത്താണ്, രേഖ തിരിച്ചു ചോദിച്ചതിൻ്റെ വൈരാഗ്യത്തിൽ വിഇഒ ഇവരെ മനപൂർവം മുറിയിലാക്കി വാതിൽ പൂട്ടിയിട്ടതെന്നാണ് ആരോപണം. ഇതിൻ്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വിഇഒയുടെ പരാതിയിൽ കോട്ട വളപ്പിൽ സാവിത്രിക്കും, പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷ പ്രമീളയ്ക്കും, ഉഷ ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റു നാലുപേർക്കുമെതിരെയും കാസർകോട് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പഞ്ചായത് ഓഫീസിനോട് ചേർന്നുള്ള വിഇഒ ഓഫീസിലെത്തിയ ഇവർ വീട് ലഭിക്കാത്തത് സംബന്ധിച്ച് വാക്കേറ്റത്തിലേർപ്പെടുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് വിഇഒ, കെ അബ്‌ദുൽ നാസറിന്റെ പരാതിയിൽ പറയുന്നത്. സംഭവത്തിൻ്റെ സത്യാവസ്ഥ മനസിലാക്കുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.