Complaint | 'ബാങ്കിൽ നിന്നും കൊണ്ടുവന്ന കറൻസി കെട്ടിൽ നിന്നും 22,000 രൂപ നഷ്ടപ്പെട്ടു'; ജൂസ് കുടിക്കാനെത്തിയ യുവാവ് എടുത്തിരിക്കാമെന്ന സംശയവുമായി കടയുടമ
'ഇതിന് മുമ്പും 8000 രൂപ നഷ്ടപ്പെട്ടിരുന്നു'
കാഞ്ഞങ്ങാട്: (KasargodVartha) ബാങ്കിൽ (Bank) നിന്നും പിൻവലിച്ച് കൊണ്ടുവന്ന 50,000 രൂപയുടെ കറൻസി കെട്ടിൽ (Currency Bundle) നിന്നും 22,000 രൂപ നഷ്ടപ്പെട്ടുവെന്ന് കൂൾ ബാർ (Cool Bar) ഉടമ പൊലീസിൽ പരാതി നൽകി. കല്ലൂരാവി റേഷൻ കടയ്ക്ക് സമീപത്തെ ഇബ്രാഹിമിന്റെ കടയിൽ നിന്ന് പണം നഷ്ടപ്പെട്ടുവെന്നാണ് പരാതി. അതേസമയം ജൂസ് (Juice) കുടിക്കാനെത്തിയ പ്രദേശവാസിയായ യുവാവാവാണ് പണം എടുത്തതെന്ന സംശയമാണ് കടയുടമ പ്രകടിപ്പിക്കുന്നത്.
ഇബ്രാഹിം പറയുന്നത് ഇങ്ങനെ: 'കഴിഞ്ഞ ദിവസം ഉച്ചയോടെ എത്തിയ യുവാവ് ജൂസ് ആവശ്യപ്പെട്ടിരുന്നു. താൻ ജൂസ് അടിക്കാൻ അകത്തേക്ക് പോയപ്പോൾ കാഷ് കൗണ്ടറിന് (Cash Counter) അടുത്ത സീറ്റിലാണ് ഇയാൾ ഇരുന്നിരുന്നത്. യുവാവ് ജൂസ് കുടിച്ച ശേഷം മറ്റൊരു ജൂസ് പാർസലായി വാങ്ങിയാണ് തിരിച്ചുപോയത്. കുറച്ച് കഴിഞ്ഞ് കാഷ് കൗണ്ടറിലെ പണം നോക്കിയപ്പോഴാണ് 22,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഉടൻ തന്നെ യുവാവിന്റെ വീട്ടിൽ എത്തിയെങ്കിലും ഇയാൾ അവിടെയുണ്ടായിരുന്നില്ല. മാതാവിനോട് പറഞ്ഞപ്പോൾ തന്റെ മകൻ അങ്ങനെ ഒന്നും ചെയ്യുന്നില്ലെന്ന വാദമാണ് ഉയർത്തിയത്. ഇതിന് മുമ്പും കടയിൽ നിന്ന് 8000 രൂപ നഷ്ടപ്പെട്ടിരുന്നു. അതിന് പിന്നിലും ഈ യുവാവാണെന്നാണ് സംശയിക്കുന്നത്. 22,000 രൂപ നഷ്ടപ്പെട്ടതായി കാട്ടി പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല'.