Assault | കാസർകോട്ട് യുവാവിന് നേരെ ആക്രമണമെന്ന് പരാതി; പണം കവർന്നതായും ആരോപണം; 'സ്ഥലത്തെത്തിയ പൊലീസിന് നേരെയും മർദനം'; 2 കേസുകൾ രജിസ്റ്റർ ചെയ്തു

● സംഭവം ചൗക്കി കമ്പാർ ബെദ്രഡുക്കയിൽ
● മുഹമ്മദ് മുഫീദ് എന്ന യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
● പതിനായിരം രൂപയോളം കവർച്ച ചെയ്യപ്പെട്ടതായി പരാതി.
● ആക്രമണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരൻ നിവിലിനും മർദനമേറ്റു.
കാസർകോട്: (KasargodVartha) യുവാവിന് നേരെ ആക്രമണമെന്ന് പരാതി. പണം കവർന്നതായും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ മർദനമുണ്ടായതായും ആരോപണമുണ്ട്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് രണ്ട് വ്യത്യസ്‌ത കേസുകൾ രജിസ്റ്റർ ചെയ്‌തു. ചൗക്കി കമ്പാർ ബെദ്രഡുക്കയിൽ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ഉള്ളാൾ, കോട്ടേക്കാർ, കൊല്യ, മെഹാഗ് മൻസിലിലെ മുഹമ്മദ് മുഫീദ് (21) ആണ് ആക്രമണത്തിന് ഇരയായത്.
മുഫീദും സുഹൃത്തും കാറിൽ സഞ്ചരിക്കുമ്പോൾ, 10 പേരടങ്ങുന്ന സംഘം കാർ തടഞ്ഞ് നിർത്തി അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും, കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, കൈകൊണ്ട് അടിച്ചും കല്ല് കൊണ്ട് കുത്തിയും പരിക്കേൽപ്പിക്കുകയും, കാറിൽ ഉണ്ടായിരുന്ന പത്തായിരത്തോളം രൂപ കവർച്ച ചെയ്തുവെന്നുമാണ് മുഹമ്മദ് മുഫീദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിവകുമാറിനും കണ്ടാൽ അറിയാവുന്ന ഒൻപത് പേരടങ്ങുന്ന സംഘത്തിനുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023 ലെ 189(2), 191(2), 191(3), 126(2), 115(2), 118(1), 309 (6), 196, 110, 351(2), 296(b), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ആക്രമണ വിവരമറിഞ്ഞ് സ്ഥലത്തെത്തി അക്രമത്തിൽ പരുക്കേറ്റ മുഹമ്മദ് മുഫീദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ നിവിലി (35) നും സംഘത്തിനും നേരെയാണ് അതിക്രമം നടന്നതെന്ന് മറ്റൊരു എഫ്‌ഐആറിൽ പറയുന്നു. യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പൊലീസ് വാഹനം തടയുകയും തുടർന്ന്, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വാഹനത്തിൽ ഉണ്ടായിരുന്ന നിവിലിനെ വാഹനത്തിൻ്റെ ഡോറിലൂടെ വലത് ചെവിക്ക് ഇടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
നിവിലിന്റെ പരാതിയിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രദീപ് കുമാറിനും കണ്ടാൽ അറിയാവുന്ന മറ്റ് ഒൻപത് പേർക്കുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023 ലെ 132, 121(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇരു കേസുകളിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
(Updated after removal of some words upon police request)
A young man was attacked in Kasaragod and his money was stolen. Complaints of police assault have also been reported. Kasaragod Town Police registered two cases and started investigation. Four accused were taken into custody.
#Kasaragod, #Attack, #PoliceAssault, #Crime, #KeralaNews, #Investigation