Complaint | പള്ളി കമിറ്റിയുടെ രേഖകൾ ലോകറിൽ നിന്നും ഓഡിറ്ററുടെ നേതൃത്വത്തിൽ കടത്തിക്കൊണ്ട് പോയതായി പരാതി; 2 പേര്‍ക്കെതിരെ കേസെടുത്തു; കെട്ടിച്ചമച്ചതെന്ന് ആരോപണ വിധേയർ

● ശൗഖത് അലി, വഖഫ് ബോർഡ് ഓഡിറ്റർ എന്‍ പി അബ്ദുൽ ജബ്ബാര്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
● പള്ളിപ്പുഴ മഹല്ലിൽപ്പെട്ട മുനീർ എന്നയാളുടെ പരാതിയിലാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
ബേക്കൽ: (KasargodVartha) പള്ളിപ്പുഴ മുഹ്‌യുദ്ദീൻ മുസ്ലിം ജമാഅത്തിൻ്റെ രേഖകൾ ലോകറിൽ നിന്നും ഓഡിറ്ററുടെ നേതൃത്വത്തിൽ കടത്തിക്കൊണ്ടുപോയെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ശൗഖത് അലി, വഖഫ് ബോർഡ് ഓഡിറ്റർ എന്‍ പി അബ്ദുൽ ജബ്ബാര്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. പള്ളിപ്പുഴ മഹല്ലിൽപ്പെട്ട മുനീർ എന്നയാളുടെ പരാതിയിലാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
2021-23 വര്‍ഷത്തില്‍ മഹല്ലിലെ കണക്കുമായി ബന്ധപ്പെട്ടു മജീദ് എന്നാളുടെ പരാതിയെ തുടര്‍ന്ന് കേരള വഖഫ് ബോര്‍ഡിലെ നിലവിലെ കേസുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡ് മുന്‍ ജീവനക്കാരൻ എന്‍ പി അബ്ദുൽ ജബ്ബാറിനെ കണക്കുകള്‍ പരിശോധിക്കുന്നതിനായി ഓഡിറ്ററായി നിയമിച്ചിരുന്നു. ഓഡിറ്റ് ചെയ്യാന്‍ വന്നിരുന്നുവെങ്കിലും, ഓഡിറ്റ് ചെയ്യുന്നതിന്റ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാണിച്ച് വഖഫ് ബോര്‍ഡിന് അബ്ദുൽ ജബ്ബാർ റിപോർട് സമര്‍പ്പിച്ചിരുന്നു.
കണക്കുകൾ പരിശോധിക്കാൻ വഖഫ് ബോർഡ് മറ്റൊരു ഓഡിറ്ററെ നിയമിക്കുകയും ചെയ്തിരുന്നില്ല.
പള്ളി കമിറ്റിയുടെ കണക്കുകള്‍ ഓഡിറ്റു ചെയ്യുന്നതിനെ സംബന്ധിച്ച പരാതി ഇപ്പോഴും വഖഫ് ബോര്‍ഡിൻ്റെ പരിഗണനയിലാണ്. ഇതിനിടെ മുന്‍ ഓഡിറ്റര്‍ അബ്ദുൽ ജബ്ബാര്‍ ഇക്കഴിഞ്ഞ ജനുവരി 25 ന് രാവിലെ പള്ളിയില്‍ എത്തുകയും അവിടെ ലോകറില്‍ സൂക്ഷിച്ച മഹല്ല് കമിറ്റിയുടെ അകൗണ്ട് പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് പറഞ്ഞ് നിലവിലെ കമിറ്റി ഭാരവഹികളെ തെറ്റിദ്ധരിപ്പിച്ച് ലോകര്‍ തുറന്ന് രേഖകള്‍ എടുത്തുവെന്നുമാണ് പറയുന്നത്.
രേഖകൾ വീണ്ടും പരിശോധിക്കുന്ന വിവരം അറിഞ്ഞ് മുൻ ഭാരവാഹികൾ അടക്കമുള്ളവർ എത്തി 2021-23 വര്‍ഷത്തെ കമിറ്റിയുടെ സെക്രടറിയായിരുന്ന പി കെ കുഞ്ഞബ്ദുല്ല, അബ്ദുൽ ജബാറിനോട് വഖഫ് ബോര്‍ഡ് ഓഡിറ്ററായി അധികാരപ്പെടുത്തിയ അധികാര പത്രം ആവശ്യപ്പെട്ടപ്പോള്‍ രേഖയില്ലെന്ന് പറഞ്ഞ് ചെയ്തത് തെറ്റായിപ്പോയെന്ന് ഇരുകൂട്ടർക്കും എഴുതി നല്‍കുകയായിരുന്നുവെന്നും പറയുന്നു.
ഓഡിറ്റിന്റെ പ്രയോഗിക ബുദ്ധിമുട്ട് റിപോർട് ചെയ്ത് ഒഴിവായ അബ്ദുൽ ജബ്ബാറിനെ ശൗഖത് അലി സ്വാധീനിച്ചുവെന്ന് പരാതിക്കാരനായ മുനീർ കാസർകോട് വാർത്തയോട് പറഞ്ഞു. ഇതിൻ്റെ തെളിവ് തങ്ങളുടെ കയ്യിൽ ഉണ്ടെന്നും മുനീർ പറഞ്ഞു. ഇതേ ദിവസം ശൗഖത് അലി, ജബ്ബാറിനെ പല തവണ ഫോണ്‍ വിളിച്ചതായി പൊലീസിന് രേഖകൾ ലഭിച്ചിട്ടുള്ളതായാണ് വിവരം.
ഈ ദിവസം ശൗഖത് അലി പള്ളിക്കര പെട്രോള്‍ പമ്പിനടുത്തുള്ള ചായകടയില്‍ വെച്ച് പള്ളിപ്പുഴ പള്ളിയില്‍ ഓഡിറ്റര്‍ വരുന്നുണ്ടെന്നും പള്ളിയില്‍ അടി നടക്കുമെന്നും ചായക്കടയിലുള്ളവരോട് പറഞ്ഞിരുന്നുവെന്ന് കടയുടമ അബൂബകര്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. ശൗഖത് അലിയുടെ ഒത്താശയോടെ പള്ളിയിലെ ലോക്കറില്‍ സൂക്ഷിച്ച രേഖകള്‍ മോഷ്ടിച്ച് കൊണ്ട് പോകുകയും മഹല്ല് നിവാസികള്‍ക്കിടയില്‍ സംഘർഷം സൃഷ്ടിക്കുവാനുമുള്ള നീക്കം നടത്തിയെന്നുമാണ് ആരോപണം.
എന്നാൽ തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാന്നെന്ന് ശൗഖത് അലി കാസർകോട് വാർത്തയോട് പ്രതികരിച്ചു. തൻ്റെ മഹല്ലായ പൂച്ചക്കാട് ജമാഅത്തിൻ്റെയും ഓഡിറ്റർ കൂടിയാണ് അബ്ദുൽ ജബ്ബാർ എന്ന് അദ്ദേഹം പറഞ്ഞു. തർക്കം കാരണം പൂച്ചക്കാട് മഹല്ലിൽ രണ്ട് വർഷത്തോള ഭാരവാഹികൾ ഇല്ലെന്നും ഇതിനെ കുറിച്ച് മാത്രമാണ് ഓഡിറ്ററോട് സംസാരിച്ചതെന്നും താൻ ഉൾപ്പെടാത്ത മറ്റൊരു മഹല്ലിലെ പ്രശ്നത്തിൽ തലയിടേണ്ട ഒരു ആവശ്യവും തനിക്കില്ലെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും ശൗഖത് അലി പ്രതികരിച്ചു. താൻ പള്ളിപ്പുഴയിലേക്ക് പോകുകയോ മറ്റോ ചെയ്യാതിരുന്നിട്ടും ഒന്നാം പ്രതിയാക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ശൗഖത് അലി പറയുന്നു.
അതേസമയം, താൻ വഖഫ് ബോർഡിൻ്റെ ഒദ്യോഗീക ഓഡിറ്റ് പാനലിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും പള്ളിപ്പുഴയിൽ തനിച്ച് ഓഡിറ്റ് നടത്തുക വിഷമകരം ആണെന്നും ഒരാളെ കൂടി അധികം അനുവദിക്കണം എന്ന് പറഞ്ഞാണ് വഖഫ് ബോർഡിന് റിപോർട് നൽകിയതെന്നും അധികം ആളെ പണം നൽകി വെക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് വഖഫ് സി ഇ ഒ അറിയിച്ചതിനാൽ പരിചയത്തിലുള്ള സി എ യെ സഹായത്തിനായി കൂട്ടി വീണ്ടും ഓഡിറ്റ് നടത്താൻ പോയപ്പോഴാണ് ചിലർ പ്രശ്നമുണ്ടാക്കിയതെന്ന് ഓഡിറ്റർ അബ്ദുൽ ജബ്ബാറും കാസർകോട് വാർത്തയോട് പറഞ്ഞു.
ശൗഖത് അലിയെ കേസിൽ എങ്ങനെ പ്രതിയാക്കിയെന്ന് അറിയില്ലെന്നും അത് പരാതിക്കാരോടാണ് ചോദിക്കേണ്ടതെന്നും ബേക്കൽ പൊലീസ് വിളിപ്പിച്ചതിനെ തുടർന്ന് സ്‌റ്റേഷനിൽ ചെന്ന് നടന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താൻ മറക്കരുത്.
Two individuals have been accused of stealing records from a mosque’s locker, including an auditor and a local member, while an investigation is underway.
#KasargodNews, #Theft, #Complaint, #AuditorInvolved, #RecordTheft