city-gold-ad-for-blogger

തേങ്ങയും ചിരട്ടയും സുരക്ഷിതമല്ലാത്ത കാലം; 4 കള്ളന്മാർ ബദിയഡുക്കയിൽ അറസ്റ്റിൽ

Police arresting a person suspected of coconut theft in Badiyadka.
Photo: Special Arrangement

● രാമനും രവിയും 250 തേങ്ങ കവർന്നു.
● അരുണും അൽത്താഫും 25 ചാക്ക് ചിരട്ട മോഷ്ടിച്ചു.
● തേങ്ങ കയറ്റുമതിയും ഉത്പാദനക്കുറവുമാണ് വിലവർദ്ധനയ്ക്ക് കാരണം.
● ചിരട്ടക്കരിക്ക് വിദേശത്തും വലിയ ഡിമാൻ്റ് ഉണ്ട്.

ബദിയഡുക്ക: (KasargodVartha) തേങ്ങയുടെ വില കുതിച്ചുയർന്നതോടെ ഒരുവശത്ത് ചിരട്ട മോഷണവും മറുവശത്ത് തേങ്ങാ മോഷണവുമായി കള്ളന്മാർ സജീവമായിരിക്കുകയാണ്. ഇപ്പോൾ കർഷകർക്ക് തേങ്ങയും ചിരട്ടയും വീടിനുള്ളിൽ ലോക്കറിൽ അടച്ച് സൂക്ഷിക്കേണ്ട അവസ്ഥയാണുള്ളത്. 

തേങ്ങയും ചിരട്ടയും മോഷ്ടിച്ച സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് നാളികേര-ചിരട്ട മോഷ്ടാക്കളെക്കൊണ്ട് കർഷകർ പൊറുതിമുട്ടുന്നതിന്റെ പൂർണ്ണ ചിത്രം വ്യക്തമായത്.

വീടിന്റെ വാതിൽ കുത്തിത്തുറന്ന് തേങ്ങ മോഷ്ടിച്ച രണ്ട് പേരെ ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ രാമൻ (44), രവി (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ചിരട്ട മോഷ്ടാക്കളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശികളായ എ.ടി. അരുൺ (28), അൽത്താഫ് (25) എന്നിവരെയാണ് ബദിയഡുക്ക പോലീസ് പിടികൂടിയത്.

അർളടുക്കയിലെ നാരായണന്റെ ആലങ്കോളിൽ പാട്ടത്തിനെടുത്ത തോട്ടത്തിൽ നിന്ന് 250 തേങ്ങ കവർച്ച ചെയ്ത കേസിലാണ് രാമനെയും രവിയെയും അറസ്റ്റ് ചെയ്തത്. തേങ്ങകൾ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ തേങ്ങകളുമായി കടന്നുകളയുകയായിരുന്നു. 

പച്ച തേങ്ങയ്ക്ക് ഒരു കിലോയ്ക്ക് 92 രൂപവരെയായിട്ടുണ്ട്. ചെറിയ രണ്ട് തേങ്ങയെടുത്താൽ പോലും ഒരു കിലോയിലധികം വരും. കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും കഴിഞ്ഞ ആറ് മാസത്തിനിടെ സമാനമായ വിലവർദ്ധനവാണുണ്ടായത്. 

ഉത്പാദനം കുറഞ്ഞതും തേങ്ങ കയറ്റുമതിയുമാണ് വില കുത്തനെ കൂടാൻ കാരണമായത്. തേങ്ങയ്ക്കൊപ്പം ചിരട്ടയ്ക്കും വലിയ ഡിമാൻ്റ് കൂടി. ഒരു കിലോ ചിരട്ടയ്ക്ക് 33 രൂപയാണ് വില. ആർക്കും വേണ്ടാതെ കിടന്നിരുന്ന ചിരട്ടയ്ക്കുപോലും വിലകൂടിയതോടെയാണ് ഇവ മോഷ്ടിക്കാനും കള്ളന്മാരെത്തിയത്. 

ചിരട്ടയും ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. ജലശുദ്ധീകരണത്തിനുള്ള പ്രകൃതിദത്ത വസ്തുവായി ചിരട്ടക്കരി ഉപയോഗിക്കാൻ തുടങ്ങിയതോടെ ജർമ്മനി, ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ചിരട്ടക്കരി കയറ്റി അയക്കുന്നുണ്ട്. 

മുൻപ് ശവസംസ്കാരത്തിനും മറ്റുമായിരുന്നു ചിരട്ടകൾ കൂടുതൽ ഉപയോഗിച്ചിരുന്നത്. പറമ്പിലും മറ്റും വലിച്ചെറിഞ്ഞിരുന്ന ചിരട്ട എടുക്കാൻ ഏജൻ്റുമാർ വീടുകളിലേക്ക് തന്നെ എത്താൻ തുടങ്ങിയതോടെയാണ് തേങ്ങയ്ക്കും ചിരട്ടയ്ക്കും വേണ്ടി മോഷ്ടാക്കൾ ഇറങ്ങാൻ തുടങ്ങിയത്.

മുണ്ട്യത്തടുത്ത പള്ളത്തെ ഒരു സ്വകാര്യ ഓയിൽ മില്ലിൽ സൂക്ഷിച്ചിരുന്ന 25 ഓളം ചാക്ക് ചിരട്ട മോഷ്ടിച്ചതിനാണ് കോഴിക്കോട് സ്വദേശികളായ എ.ടി. അരുൺ (28), അൽത്താഫ് (25) എന്നിവരെ അറസ്റ്റ് ചെയ്തത്. വാഹനങ്ങളിൽ ചെന്ന് വീടുകളിൽ നിന്നും മറ്റും ചിരട്ട വാങ്ങി കച്ചവടം ചെയ്യുന്നവരാണ് ഇരുവരും. 

കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ജൂൺ 16 ന് പച്ചമ്പള സ്വദേശി സക്കറിയയുടെ ഉടമസ്ഥതയിലുള്ള പള്ളത്തെ ഫ്ലോർ ഓയിൽ മില്ലിലാണ് കവർച്ച നടന്നത്.

ചിരട്ടകൊണ്ട് നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ആമസോൺ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വലിയ വിലക്കാണ് വിൽക്കുന്നത്.

നാളികേര കർഷകർ നേരിടുന്ന ഈ വെല്ലുവിളിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 


Article Summary: Four people arrested in Badiyadka for stealing coconuts and coconut shells amid rising prices.

#CoconutTheft #CoconutShell #KasaragodCrime #Badiyadka #KeralaPolice #AgriculturalCrime

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia