city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | '26 കോടി രൂപയുടെ ഹൈടെക് തട്ടിപ്പ്'; 2 കാസർകോട് സ്വദേശികൾ ഹൈദരാബാദിൽ അറസ്റ്റിൽ

Arrest
*  വിവിധ ആളുകളുടെ അകൗണ്ടുകൾ വാടകയ്ക്ക് എടുത്തു 
* പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ വിപിഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചു 

ഹൈദരാബാദ്: (KasargodVartha) രാജ്യവ്യാപകമായി 26 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയെന്ന കേസിൽ രണ്ട് കാസർകോട് സ്വദേശികളെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു. നൗശാദ് സി എച്, അഹ്‌മദ്‌ കബീർ സി എച് എന്നിവരാണ് അറസ്റ്റിലായത്. 2020 മുതൽ, പ്രതികളും കൂട്ടാളികളും ജോലി വാഗ്ദാനം നൽകി രാജ്യത്തുടനീളമുള്ള തൊഴിലന്വേഷകരെ കബളിപ്പിച്ചാണ് ഇത്രയും തുക തട്ടിയെടുത്തതെന്ന് ഡെപ്യൂടി പൊലീസ് കമീഷണർ (സൈബർ ക്രൈം) ദാര കവിത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

9.44 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന ഹൈദരാബാദ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കാസർകോട് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നൗശാദ് ദുബൈയിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും പാർട് ടൈം ജോലിയുടെ പേരിൽ ടെലിഗ്രാം ആപ് വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്നും ഡിസിപി പറഞ്ഞു. പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ പ്രതികൾ ഇടപാടുകാരുമായി ആശയവിനിമയം നടത്താൻ വിപിഎൻ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നതെന്നും ഡിസിപി വിശദീകരിച്ചു. 

ഡിസിപി പറയുന്നത് ഇങ്ങനെ:

'പ്രതികൾ അയച്ച ലിങ്കിൽ ആരെങ്കിലും ക്ലിക് ചെയ്താൽ അവരെ ടെലിഗ്രാമിൽ ചേർക്കും. സോഷ്യൽ മീഡിയ ലിങ്കുകളിൽ ക്ലിക് ചെയ്യുക, വിവിധ ഓൺലൈൻ സേവനങ്ങൾക്ക് റേറ്റിംഗ് നൽകുക, അഭിപ്രായങ്ങൾ എഴുതുക തുടങ്ങിയ ജോലികൾ ചെയ്യാനായിരുന്നു നിർദേശം. ജോലിയിൽ ചേരുന്നവരോട് പിന്നീട്  നിശ്ചിത തുക നിക്ഷേപിക്കാൻ ആവശ്യപ്പെടും. മികച്ച ലാഭവിഹിതം വാഗ്‌ദാനം ചെയ്തായിരുന്നു ആളുകളെ കയ്യിലെടുത്തിരുന്നത്. പ്രലോഭനത്തിൽ വീണ പലരും തുക നിക്ഷേപിച്ചു. ചിലർക്ക് ഒമ്പത് ലക്ഷം രൂപ വരെ നഷ്ടമായി.

തട്ടിപ്പ് നടത്താൻ ഇവർ ദുബൈയിൽ ഏതാനും പേരെയും നിയോഗിച്ചു. ജോലി ആഗ്രഹിക്കുന്നവരുടെ പണം ബാങ്ക് അകൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത ശേഷം, ഇൻഡ്യയിൽ നിന്ന് പണം പിൻവലിക്കുകയും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ ഡോളറാക്കി മാറ്റുകയും ചെയ്യും. പ്രതികൾ 18 ബാങ്ക് അകൗണ്ടുകൾ പ്രവർത്തിപ്പിച്ചിരുന്നു, അതിലൂടെ 26 കോടി രൂപയാണ് ലഭിച്ചത്. ജനുവരിയിൽ, ഹൈദരാബാദിലെ യുവാവിൽ നിന്നാണ് പൊലീസിന് ആദ്യം പരാതി ലഭിച്ചത്, ഒരു അജ്ഞാതൻ ടെലിഗ്രാമിൽ തന്നെ ബന്ധപ്പെടുകയും പാർട് ടൈം ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് ഇയാൾ പറയുന്നു. 

 


സോഷ്യൽ മീഡിയ ലിങ്കുകളിൽ ക്ലിക് ചെയ്യുക, വിവിധ ഓൺലൈൻ സേവനങ്ങൾക്ക് റേറ്റിംഗ് നൽകുക, അഭിപ്രായങ്ങൾ എഴുതുക തുടങ്ങിയ ജോലികൾ ചെയ്യാൻ പരാതിക്കാരനോട് പറഞ്ഞു. നിക്ഷേപത്തിന് നല്ല വരുമാനവും വാഗ്ദാനം ചെയ്തു. തുടക്കത്തിൽ, വാഗ്ദാനം ചെയ്ത ലാഭവിഹിതം അദ്ദേഹത്തിന് നൽകി വിശ്വാസം പിടിച്ചുപറ്റി. അവരെ വിശ്വസിച്ച് 9.44 ലക്ഷം രൂപ വരെ വീണ്ടും നിക്ഷേപിച്ചെങ്കിലും വാഗ്ദാനം ചെയ്ത വരുമാനം നൽകുന്നത് നിർത്തി. അപ്പോഴാണ് താൻ ചതിക്കപ്പെട്ടതായി മനസിലായത്.

ഇരയുടെ പണം ക്രെഡിറ്റ് ചെയ്ത ബാങ്ക് അകൗണ്ടുകൾ ആദ്യം പരിശോധിച്ചപ്പോൾ, അകൗണ്ട് ഉടമ രാജസ്താനിൽ നിന്നുള്ളയാളാണെന്നും എന്നാൽ അകൗണ്ട് ദുബൈയിൽ നിന്നുള്ള മറ്റൊരാളാണ് പ്രവർത്തിപ്പിക്കുന്നതെന്നും കണ്ടെത്തി. തന്റെ മുൻ അകൗണ്ട് ഉപയോഗിക്കാൻ അനുവദിച്ചതിന് ആരോ തനിക്ക് കമീഷൻ നൽകിയെന്ന് അകൗണ്ട് ഉടമ പറഞ്ഞു. അന്വേഷണത്തിൽ പ്രതി കേരള സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. രണ്ട് പ്രതികളും ദുബൈയിലെയും ഇൻഡ്യയിലെയും കൂട്ടാളികൾക്ക് കമീഷൻ നൽകുകയും ബാങ്ക് അകൗണ്ട് വാടകയ്ക്ക് നൽകിയവർക്ക് പണം നൽകുകയും ചെയ്തിരുന്നു. പ്രതികളിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ, 15 ചെക് ബുകുകൾ, എട്ട് ഡെബിറ്റ് കാർഡുകൾ, രണ്ട് വ്യാജ റബർ സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്'.

Arrest

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia