Arrested | മലയോരം നടുങ്ങി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെയുള്ള 149 പേരുടെ നഗ്ന ചിത്രങ്ങളുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, 2 യുവാക്കള്‍ അറസ്റ്റില്‍
17 മാസമായി എഐ ആപ് വഴിയാണ് നഗ്ന ചിത്രങ്ങള്‍ ഉണ്ടാക്കിവന്നത്.
യുവാക്കള്‍ മൊബൈല്‍ ഫോണില്‍നിന്നും ചിത്രങ്ങളെല്ലാം നീക്കം ചെയ്തായാണ് ആരോപണം.
എല്ലാ ദിവസവും സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെ വിട്ടയച്ചു.
പൊലീസ് പ്രദേശവാസികളുടെ യോഗം വിളിച്ചു.
ചിറ്റാരിക്കാല്‍: (KasargodVartha) മലയോരത്തെ നടുക്കി നഗ്നചിത്ര വിവാദം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെയുള്ള 149 പേരുടെ നഗ്ന ചിത്രങ്ങളുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 19 വയസുകാരായ രണ്ട് യുവാക്കളെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. എല്ലാ ദിവസവും സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഇവരെ വിട്ടയച്ചത്.
പിടിയിലായ യുവാക്കള്‍ ലഹരിക്കടിമകളാണെന്ന് പഞ്ചായത് അംഗം കെ കെ മോഹനന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 17 മാസമായി എഐ (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ആപ് വഴിയാണ് ഇവര്‍ നഗ്ന ചിത്രങ്ങള്‍ ഉണ്ടാക്കി വന്നത്. കൂടെ പഠിച്ച സഹപാഠികളുടെയും പള്ളിയില്‍ വരുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങളാണ് ഇവര്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളാക്കി മാറ്റിയത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എബിന്‍, സുബിന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഇവരുടെ സുഹൃത്തുക്കളായ വിദ്യാര്‍ഥി, പ്രതികള്‍ ഒരാളുടെ വീട്ടില്‍ പോയ സമയത്ത് അവിചാരിതമായി മൊബൈല്‍ ഫോണ്‍ നോക്കാന്‍ ഇടയായതോടെയാണ് വിവരം പുറത്തറിയാന്‍ കാരണമായത്. നഗ്ന ചിത്രങ്ങളില്‍ ഒന്ന് ഈ യുവാവിന്റെ ബന്ധുവിന്റേതായിരുന്നു. ഇതോടെ ഈ ചിത്രങ്ങളെല്ലാം യുവാവ് തന്റെ ഫോണിലേക്ക് പകര്‍ത്തി, പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. 149 പേരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.
വിവരം പ്രദേശവാസികള്‍ അറിഞ്ഞതായി ബോധ്യപ്പെട്ടതോടെ യുവാക്കള്‍ ഫോണില്‍നിന്നും ചിത്രങ്ങളെല്ലാം നീക്കം ചെയ്തായാണ് ആരോപണം. ഇതോടെ യുവാക്കളുടെ ഫോണ്‍ പിടിച്ചെടുത്ത്, സൈബര്‍ സെല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ചിത്രം ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. പരിശോധനാഫലം വരുന്നതുവരെ കൂടുതല്‍ നടപടിയിലേക്ക് പൊലീസ് നീങ്ങിയില്ല.
അതേസമയം, പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ പൊലീസ് കഴിഞ്ഞ ദിവസം ഇവിടെ യോഗം വിളിച്ച് ബോധവത്ക്കരണം നടത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സിബി തോമസ്, സൈബര്‍ സെല്‍ എസ്‌ഐ രവീന്ദ്രന്‍, പഞ്ചായത് അംഗം കെകെ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. സ്ത്രീകളും കുട്ടികളുമടക്കം 210 പേര്‍ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. ഇതിനോടകം നാലോളം പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാണക്കേട് ഓര്‍ത്താണ് പലരും പരാതി നല്‍കാതെ മാറി നില്‍ക്കുന്നത്.