Rescue | തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ രക്ഷിക്കാൻ സഹായിച്ചത് യാത്രക്കാരുടെ സംശയം; സ്റ്റേഷനിൽ കുട്ടിക്ക് പാലും ഭക്ഷണവും നൽകി പൊലീസുകാർ
* കർണാടകയിലെ കങ്കനാടിയിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് വന്നതാണെന്നാണ് സംശയിക്കുന്നത്.
കാസർകോട്: (KasargodVartha) തട്ടിക്കൊണ്ട് പോകുന്നതിനിടെ രണ്ട് വയസുകാരിയെ വയോധികനിൽ നിന്ന് രക്ഷിക്കാനായത് യാത്രക്കാർക്ക് തോന്നിയ സംശയത്തെ തുടർന്ന്. എറണാകുളം സ്വദേശിയായ അനീഷ് കുമാർ (49) ആണ് കാസർകോട് റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും പിടിയിലായത്. കർണാടകയിലെ കങ്കനാടിയിൽ നിന്നാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് വന്നതാണെന്നാണ് സംശയിക്കുന്നത്.
ആദ്യം ഗോവയിൽ നിന്നാണ് കുട്ടിയെ കൊണ്ടുവന്നതെന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ പിന്നീട് മൊഴി മാറ്റുകയായിരുന്നു. ഗാന്ധിധാം - നാഗർകോവിൽ എക്പ്രസിലാണ് ഇയാൾ കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്നത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാർ ആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ശനിയാഴ്ച രാത്രി 7.30 മണിയോടെ കാസർകോട്ടെത്തിയ ട്രെയിനിൽ പരിശോധന നടത്തിയ ശേഷമാണ് കുട്ടിയുമായി ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കാസർകോട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. കുട്ടിയെ എങ്ങനെ തട്ടികൊണ്ടുപോയി എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തനിക്ക് പെൺകുട്ടി ഇല്ലാത്തത് കൊണ്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് വന്നതെന്നും അനീഷ് കുമാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സ്റ്റേഷനിലേക്ക് മാറ്റിയ കുട്ടിക്ക് പൊലീസുകാർ പാലും മറ്റ് ഭക്ഷണവും നൽകി. കുട്ടിയെ കാസർകോട് ജെനറൽ ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷം ചൈൽഡ് ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപോർട്.
സംഭവത്തിൽ കാസർകോട് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അനീഷ് കുമാറിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനൊപ്പം, ഇയാൾക്ക് മുമ്പ് ഇത്തരം കൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നും അന്വേഷണം നടത്തിവരികയാണ്.