മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ 'ഡോക്ടർ'; ഭാര്യയും രണ്ട് മക്കളുമുള്ള വിവരം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ് നടത്തി പണവും സ്വർണവും കവർന്നുവെന്ന പരാതിയില്‍ 45-കാരന്‍ 6 വർഷത്തിന് ശേഷം പിടിയിൽ
● വയനാട് സ്വദേശി ബിജു ആൻ്റണിയെയാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്
● 2020-ൽ വയലാർ സ്വദേശിനിയെ വിവാഹം കഴിച്ച് പണവും സ്വർണവും കവർന്നിരുന്നു
● തളിപ്പറമ്പ് സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്നതിന് മഞ്ചേശ്വരത്ത് കേസുണ്ട്
● ചേർത്തല ഡിവൈഎസ്പി എസ് മഞ്ജുലാലിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
ആലപ്പുഴ: (KasargodVartha) വിവാഹത്തട്ടിപ്പ് നടത്തി സ്ത്രീകളിൽനിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്തു. വയനാട് സ്വദേശി ബിജു ആൻ്റണിയെയാണ് (45) ചേർത്തല പോലീസ് ഇയാളുടെ വീട്ടിലെത്തി പിടികൂടിയത്.
പണവും സ്വർണവും കവർന്ന് മുങ്ങിയെന്ന് പരാതി
2020-ൽ വയലാറിൽ രമ്യയെന്ന യുവതിയെ വിവാഹം കഴിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ 30,000 രൂപയും അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴു പവൻ സ്വർണവുമായി ഇയാൾ കടന്നുകളയുകയായിരുന്നു. അരൂർ സെൻ്റ് ആൻ്റണീസ് പള്ളിയുടെ സമീപത്തുള്ള ഹോട്ടലിൽ അക്കാലത്ത് ഇയാൾ ജോലി ചെയ്തിരുന്നു. ഹോട്ടൽ തുടങ്ങാനെന്നു പറഞ്ഞാണ് യുവതിയിൽ നിന്നും 30,000 രൂപ കൈക്കലാക്കിയത്.
ഈ കേസിൽ രമ്യ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് ആറു വർഷം കഴിഞ്ഞാണ് ബിജു ആൻ്റണിയെ പിടികൂടിയിരിക്കുന്നത്. പല സ്ത്രീകളെയും വിവാഹം കഴിച്ച ശേഷം സമാനമായ രീതിയിൽ കബളിപ്പിച്ചതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ കേസുകൾ
പല സ്‌റ്റേഷനുകളിലും ബിജുവിനെതിരെ സമാനമായ തട്ടിപ്പ് പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇത് മറച്ചുവെച്ചാണ് വിവിധ സ്‌ഥലങ്ങളിൽ പല പേരുകളിലായി ബിജു ആൻ്റണി താമസിച്ചിരുന്നത്. വൈവാഹിക സൈറ്റുകളിലും പത്രങ്ങളിലും ഡോക്ടറാണെന്ന് വ്യാജമായി പറഞ്ഞാണ് ഇയാൾ വിവാഹ പരസ്യം നൽകുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
പത്ര പരസ്യത്തിലൂടെ പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയെ ഹൊസങ്കടിയിലെ ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം മൂന്നരപ്പവൻ സ്വർണവുമായി കടന്നുകളഞ്ഞതിന് മഞ്ചേശ്വരം സ്‌റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഇതിനുപുറമെ കണ്ണൂർ ടൗൺ സ്‌റ്റേഷൻ പരിധിയിലും തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലും മോഷണ കേസിൽ ഇയാൾ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
പോലീസ് അന്വേഷണം
ചേർത്തല ഡിവൈഎസ്പി എസ് മഞ്ജുലാലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പുകൾ ബിജു നടത്തിയിട്ടുണ്ടെങ്കിലും അപമാനം ഭയന്ന് പല സ്ത്രീകളും പരാതി നൽകാൻ തയാറായിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Cherthala police arrested Biju Antony (45) from Mananthavady, a serial marriage fraudster who preyed on women via matrimonial sites posing as a doctor, after 6 years of evading the law.
#CherthalaNews #MarriageFraud #KeralaPolice #CrimeNewsKerala #MatrimonialScam #WayanadNews #MalayalamNews #RenuNews






