ചീമേനിയിൽ വൻ കവർച്ച; ക്ഷേത്ര ഉത്സവത്തിന് പോയ സമയത്ത് നാല് ലക്ഷം രൂപയുടെ സ്വർണം അപഹരിച്ചു
● വീടിൻ്റെ പുറകിലെ ഗ്രിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്
● അടുക്കളയിലെ കത്തിയുപയോഗിച്ച് അലമാര പൊളിച്ചതായി പ്രാഥമിക അന്വേഷണം
● അലമാര പൊളിക്കുന്നതിനിടെ മോഷ്ടാവിന് മുറിവേറ്റതായി പോലീസ് സംശയിക്കുന്നു
● വിരലടയാള വിദഗ്ദ്ധരും പോലീസ് നായയും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു
ചീമേനി: (KasargodVartha) വീട്ടുകാർ ക്ഷേത്ര ഉത്സവത്തിന് പോയ തക്കം നോക്കി വീടിൻ്റെ ഗ്രിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നു. ചീമേനി ടൗണിലെ ചേതന റോഡിൽ താമസിക്കുന്ന പ്ലാങ്കു കുഞ്ഞമ്പുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച (2026 മേയ് 7) രാത്രി ഒമ്പത് മണിക്കും 10.30-നും ഇടയിലായിരുന്നു സംഭവം.
സമീപത്തെ ക്ഷേത്രത്തിൽ കളിയാട്ടം നടക്കുകയായിരുന്നു. ഈ സമയത്ത് വീട്ടുകാർ വീട് പൂട്ടി ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് മോഷണം നടന്നത്. വീടിൻ്റെ പുറകിലെ ഗ്രിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. വീട്ടിലെ അടുക്കളയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലമാര കുത്തിപ്പൊളിച്ചാണ് സ്വർണം അപഹരിച്ചത്. നാല് സ്വർണ്ണ വളകളും ഒരു മോതിരവുമാണ് നഷ്ടപ്പെട്ടത്.
അലമാരയുടെ പൂട്ട് പൊളിക്കുന്നതിനിടെ കത്തി കൊണ്ട് മോഷ്ടാവിന് മുറിവേറ്റതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വീടിൻ്റെ അകത്തെ മുറിയിലും കിടക്കയിലും തുണികളിലും രക്തപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി വീടിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
സംഭവമറിഞ്ഞ് ചീമേനി ഇൻസ്പെക്ടർ രാജഗോപാലൻ്റെയും എസ്ഐ ശശിയുടെയും നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാസർകോട് നിന്നെത്തിയ പോലീസ് നായ, വിരലടയാള വിദഗ്ദ്ധർ, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ വീടിൻ്റെ കോണിപ്പടി വഴി മുകളിലേക്ക് കയറിയ ശേഷം താഴെയിറങ്ങി സമീപത്തെ അഞ്ച് വീടുകൾ വരെ ഓടി നിൽക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഈ മോഷണത്തെക്കുറിച്ചുള്ള നിങ്ങളുടെ നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താൻ മറക്കരുത്. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: Gold ornaments worth ₹4 lakhs were stolen from a house in Cheimeny while the family was away at a temple festival. Police found bloodstains, suggesting the thief was injured during the act.
#CheimenyNews #TheftCase #GoldStolen #KeralaPolice #KasaragodNews #CrimeNews #BreakingNews #BreakingKerala






