Investigation | കാരുണ്യ യാത്രയുടെ മറവില്‍ വന്‍ തട്ടിപ്പോ? സത്യാവസ്ഥ പൊലീസ് പരിശോധിക്കുന്നു; മര്‍ദിച്ചുവെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കെതിരെ പരാതി നല്‍കി
● പട്ടാമ്പിയില്‍ ഉള്ള ഒരാള്‍ക്ക് വേണ്ടിയാണ് സഹായാഭ്യര്‍ഥന
● ഫ്‌ലക്‌സിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ തട്ടിപ്പാണെന്ന് വിവരം.
● ദിവസം 20,000 രൂപ മുതല്‍ 30,000 രൂപ വരെ കളക്ഷന്‍.
നീലേശ്വരം: (KasargodVartha) കാരുണ്യ യാത്രയുടെ മറവില്‍ വന്‍ തട്ടിപ്പ് (Charity Scam) എന്നാരോപിച്ച് മൂന്ന് പേരില്‍ രണ്ടുപേരെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. സംഭവത്തിലെ സത്യാവസ്ഥ പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ആള്‍ക്കൂട്ടം തങ്ങളെ മര്‍ദിച്ചുവെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ കാരുണ്യ പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പട്ടാമ്പിയില്‍ ഉള്ള ഒരാള്‍ക്ക് വേണ്ടിയാണ് ജീപില്‍ മൂന്നുപേര്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ സഹായ അഭ്യര്‍ഥന നടത്തിവന്നത്. വെള്ളരിക്കുണ്ട്, മാലോം, പരപ്പ, ബിരിക്കുളം കഴിഞ്ഞ് കാട്ടിപ്പൊയില്‍ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കണ്ടുനിന്ന ചിലര്‍ക്ക് ഇവരില്‍ സംശയം തോന്നിയത്. ജീപിന്റെ ബോഡിയില്‍ കെട്ടിയ ഫ്‌ലക്‌സില്‍ ഉണ്ടായിരുന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ എടുത്തയാള്‍ ആ നാട്ടില്‍ അങ്ങനെ ഒരു സംഭവം ഇല്ലെന്നും ഇത് തട്ടിപ്പാണെന്നും പറഞ്ഞുവെന്നാണ് പ്രചാരണം ഉണ്ടായത്. അപ്പോഴേക്കും അവിടെ നിന്നും ജീപ് എടുത്ത് പോയി കഴിഞ്ഞിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഇതിനിടയില്‍ നെല്ലിയടുക്കത്തുള്ള ചിലരെ മൊബൈല്‍ ഫോണില്‍ വിളിച്ച് ജീപ് തടയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീപ് തടയുകയും ചോദ്യം ചെയ്തപ്പോള്‍ ഒരാള്‍ ഇറങ്ങി ഓടിയെന്നും സമീപവാസികള്‍ പറയുന്നു. രണ്ടുപേരെ സ്ഥലത്ത് പിടിച്ചുവെച്ച് നീലേശ്വരം പൊലീസിനെ അറിയിച്ച് കൈമാറുകയായിരുന്നു.
ദിവസം 20,000 രൂപ മുതല്‍ 30,000 രൂപ വരെ കളക്ഷന്‍ ലഭിക്കുമെന്ന് ജീപിലുണ്ടായിരുന്നവര്‍ പ്രദേശവാസികളോട് പറഞ്ഞതായും പ്രചാരണം ഉണ്ടായി. പൊലീസ് അന്വേഷണത്തില്‍ ഇവര്‍ കാരുണ്യ പ്രവര്‍ത്തനം ചെയ്തു വന്നിരുന്നവരാണെന്ന് സൂചനയുണ്ട്.
ഇവര്‍ക്ക് ഇതിന്റെ മറവില്‍ തട്ടിപ്പ് ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഫ്‌ലക്‌സിലെ ഫോണ്‍ നമ്പര്‍ എടുത്തയാള്‍ ഫോണ്‍ വിളിച്ചവരോട് എന്തു പറഞ്ഞുവെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. യാഥാര്‍ഥ്യം എന്താണെന്ന കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നാണ് നടപടി ഉണ്ടാകേണ്ടത്.
നാട്ടില്‍ കാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഒരുപാട് പേര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. അവര്‍ക്ക് കൂടി പേരുദോഷം ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
#CharityScam #PoliceInvestigation #CommunityAwareness #KasargodNews #FraudAlert #LocalNews