ചന്തേര എംഡിഎംഎ കേസ്: ഐവറി കോസ്റ്റ് പൗരനെ യുപിയിൽ നിന്ന് പിടികൂടി; പ്രതികളുടെ എണ്ണം ഒന്‍പതായി
● ഐവറി കോസ്റ്റ് സ്വദേശിയായ ജീൻ പിയറി സെറി എന്ന സാമുവൽ ഓസ്ലനെയാണ് യുപിയിൽ നിന്ന് പിടികൂടിയത്
● കേസിൽ പിടിയിലാകുന്ന രണ്ടാമത്തെ വിദേശ പൗരനാണ് ജീൻ പിയറി സെറി
● ജില്ലാ പൊലീസ് മേധാവി പി നിധിൻ രാജ് ബുധനാഴ്ച വൈകിട്ട് വാർത്താസമ്മേളനം നടത്തും
● കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്
● ഗുജറാത്ത് സ്വദേശിനി റിയ ഖാൻ, ഘാന സ്വദേശി വിക്ടർ ഡ്സാബെ എന്നിവരടക്കം എട്ട് പേർ നേരത്തെ പിടിയിലായിരുന്നു
കാസർകോട്: (KasargodVartha) ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടാമത്തെ വിദേശ പൗരൻ പിടിയിലായി. ഉത്തർപ്രദേശിൽ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
റിപ്പബ്ലിക് ഓഫ് കോട്ട് ഡി ഐവറിയിൽ നിന്നുള്ള ജീൻ പിയറി സെറി എന്ന സാമുവൽ ഓസ്ലൻ (36) ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ഒന്‍പതായി.
പ്രതിയെ കാസർകോട്ടെത്തിക്കും
പ്രതിയെ 2026 സെപ്റ്റംബർ 30 ബുധനാഴ്ച ഉച്ചയോടെ ചന്തേരയിലെത്തിച്ച് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പി നിധിൻ രാജ് പ്രതികരിച്ചു. വിവരങ്ങൾ വിശദീകരിക്കാനായി ജില്ലാ പൊലീസ് മേധാവി ബുധനാഴ്ച വൈകിട്ട് 4.30 ന് വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. മുൻപ് അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന ജീൻ പിയറി സെറിയെ യുപിയിൽ നിന്ന് കണ്ടെത്തിയത്.
മുൻപ് അറസ്റ്റിലായവർ
1.പി എ അബ്ദുൽ സലാം (27) – അരക്കാപ്പടി വില്ലേജ്, എറണാകുളം
2.കെ എച്ച് മുഹമ്മദ് ഹുസൈൻ (28) – അരക്കാപ്പടി വില്ലേജ്, എറണാകുളം
3.പി എ അബ്ബാസ് (50) – അരക്കാപ്പടി വില്ലേജ്, എറണാകുളം
4.ഇ എസ് സൈനുലാബിദീൻ (42) – അരക്കാപ്പടി വില്ലേജ്, എറണാകുളം
5.മുഹമ്മദ് സാബിർ (33) – ബേളൂർ വില്ലേജ്, കാസർകോട്
6.റിയ ഖാൻ എന്ന സ്വാഥി ശേഖ് (28) – ഗുജറാത്ത് സ്വദേശി
7.വിക്ടർ ഡ്സാബെ (30) – ഘാന സ്വദേശി
8.വിഷ്ണുകുമാർ (26) – ആഗ്ര, ഉത്തർപ്രദേശ് സ്വദേശി
ഇതിൽ റിയ ഖാനെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നും വിക്ടർ ഡ്സാബെയെ കൊല്ലത്തുനിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്.
വിക്ടർ ഡ്സാബെ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നതിനാൽ മാതൃരാജ്യത്തേക്ക് തിരിച്ചയക്കുന്നതിനായി കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. 139.29 ഗ്രാം എംഡിഎംഎയുടെ ഉറവിടവും വിതരണശൃംഖലയും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
നീലേശ്വരം ഇൻസ്പെക്ടർ കെ പ്രശാന്ത്, ഹൊസ്ദുർഗ് എസ്ഐ നീതു തച്ചഞ്ചേരി എന്നിവരുൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Ivory Coast national arrested in UP for Chandera MDMA case, 8 arrested.
#ChanderaPolice #KasaragodNews #KeralaPolice #MDMACase #DrugBust #MalayalamCrimeNews #RenuNews






