Arrested | അമ്യൂസ്മെന്റ് പാർകിൽ യുവതിയെ ശല്യം ചെയ്തതായി പരാതി; കേന്ദ്ര സർവകലാശാല അധ്യാപകൻ റിമാൻഡിൽ
പരിയാരം പൊലീസാണ് പിടികൂടിയത്
കണ്ണൂർ: (KasaragodVartha) അമ്യൂസ്മെന്റ് പാർകിൽ യുവതിയെ ശല്യം ചെയ്‌തുവെന്ന കേസിൽ കാസർകോട് കേന്ദ്ര സർവകലാശാല അധ്യാപകൻ റിമാൻഡിൽ. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി ഇഫ്തിഖാർ അഹ്‌മദ് (51) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കണ്ണൂരിലെ ഒരു പാര്‍കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാർകിന്റെ വേവ് പൂളിൽ വച്ച് ഇഫ്തിഖാർ അഹ്‌മദ് ശല്യപ്പെടുത്തിയെന്നാണ് മലപ്പുറത്തെ യുവതിയുടെ പരാതി. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്താണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്‌തത്. യുവതിയും, അധ്യാപകനും കുടുംബ സമേതമാണ് പാർകിൽ എത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.