Suspended | പീഡനക്കേസിൽ റിമാൻഡിലായതിന് പിന്നാലെ കേന്ദ്ര സർവകലാശാല അധ്യാപകനെ സസ്‍പെൻഡ് ചെയ്‌തു
നേരത്തെ 2 തവണ സസ്‌പെൻഡ് ചെയ്‌തിരുന്നു
പെരിയ: (KasaragodVartha) പീഡനക്കേസിൽ റിമാൻഡിലായതിന് പിന്നാലെ കാസർകോട് കേന്ദ്ര സർവകലാശാല അധ്യാപകൻ ബി ഇഫ്തിഖാർ അഹ്‌മദിനെ സസ്‌പെൻഡ് ചെയ്‌തു. ഇൻഗ്ലീഷ് താരതമ്യ വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ പശ്ചാതലത്തിലാണ് നടപടിയെന്ന് വൈസ് ചാൻസിലറുടെ ചുമതല വഹിക്കുന്ന കെ സി ബൈജു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കസ്റ്റഡിയിലെടുത്ത മെയ് 13 മുതൽ പ്രാബല്യത്തോടെയാണ് സസ്‌പെൻഷൻ. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സസ്‌പെൻഷനിൽ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കണ്ണൂരിലെ അമ്യൂസ്മെന്റ് പാർകിൽ യുവതിയെ ശല്യം ചെയ്‌തുവെന്ന കേസിലാണ് അധ്യാപകൻ ജയിലിലായത്. പാർകിന്റെ വേവ് പൂളിൽ വച്ച് ഇഫ്തിഖാർ അഹ്‌മദ് ശല്യപ്പെടുത്തിയെന്നായിരുന്നു മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതി. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
കേരള കേന്ദ്രസർവകലാശാലയിൽ വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തെ തുടർന്ന് നേരത്തെ ഇഫ്തിഖാർ അഹ്‌മദിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നീട് ആഭ്യന്തര പരാതി പരിഹാര സമിതിയുടെ (ICC) ശുപാർശയുടെ അടിസ്ഥാനത്തിൽ അധ്യാപകന്റെ സസ്‌പെൻഷൻ പിൻവലിച്ചിരുന്നു. ഇതേവിഷയത്തിൽ പൊലീസ് കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് ഹൊസ്ദുർഗ് താലൂക് പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഇക്കാര്യം സർവകലാശാലയെ അറിയിച്ചില്ലെന്ന് പറഞ്ഞ് രണ്ടാമതും സസ്‌പെൻഡ് ചെയ്യുകയുണ്ടായി. വിദ്യാർഥി സംഘടനകൾ വിസിയെയും രജിസ്ട്രാറെയും ഇതുമായി ബന്ധപ്പെട്ട് തടയുകയും ചെയ്തിരുന്നു. പിന്നാലെയായിരുന്നു രണ്ടാമത്തെ സസ്‌പെൻഷൻ. ഇതിനിടയിലാണ് കണ്ണൂരിൽ പുതിയ കേസുണ്ടാകുകയും റിമാൻഡിലാകുകയും ഒടുവിൽ മൂന്നാമതും സസ്‍പെൻഷൻ നേരിടേണ്ടി വരികയും ചെയ്‌തിരിക്കുന്നത്.