Crime | കള്ളൻ ഒരുകാര്യം അറിഞ്ഞില്ല! മോഷണം നടന്ന് മിനിറ്റുകൾക്കുള്ളിൽ പിടിയിൽ
മംഗ്ളുറു: (KasaragodVartha) അർധരാത്രിയിൽ മോഷണത്തിന് എത്തിയ മോഷ്ടാവ് ഒരിക്കലും താൻ ഇങ്ങനെ കുടുങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കില്ല. സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം അധികൃതരുടെ ശ്രദ്ധയിൽപെട്ടതാണ് മലയാളിയായ മോഷ്ടാവിനെ കുടുക്കിയത്. കൊല്ലം ജില്ലയിലെ പ്രകാശ് ബാബു (46) ആണ് അറസ്റ്റിലായത്.
ഗംഗോല്ലി മുള്ളിക്കാട്ടെ പഞ്ചഗംഗ അഗ്രികൾചറൽ സർവീസ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിലാണ് സംഭവം. രാത്രി 1.47ഓടെ സഹകരണ സംഘത്തിൻ്റെ ജനൽ ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സിസിടിവി ദൃശ്യങ്ങൾ തത്സമയം നിരീക്ഷിച്ച് സുരക്ഷാ സേവനം നൽകുന്ന കുന്ദാപുരത്തെ സൈൻ ഇൻ സെക്യൂരിറ്റി സ്ഥാപനത്തിന്റെ ജീവനക്കാർ ലൈവായി ഇത് കണ്ടു.
അവർ ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും ചെയ്തു. 10 മിനിറ്റിനുള്ളിൽ പൊലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കയ്യോടെ പിടികൂടി. കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങൾ തത്സമയം നിരീക്ഷിച്ചതും പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലുമാണ് മോഷ്ടാവിനെ ഉടൻ പിടികൂടാൻ സഹായകരമായത്. കേരളത്തിലും കർണാടകയിലുമായി 13 മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ പ്രകാശ് ബാബുവെന്ന് പൊലീസ് പറഞ്ഞു.