Verdict | സിപിഎമ്മിന് നിർണായകമായ പെരിയ കല്ല്യോട്ടെ ഇരട്ടക്കൊല കേസിൽ സിബിഐ കോടതി 28ന് വിധി പറയും
● 2019 ഫെബ്രുവരി 17 നാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്.
കൊച്ചി: (KasargodVartha) സിപിഎമ്മിന് നിർണായകമായ പെരിയ കല്ല്യോട്ടെ ഇരട്ടക്കൊല കേസിൽ സിബിഐ കോടതി 28ന് വിധി പറയും. പെരിയ, കല്ല്യോട്ടെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ബൈക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. കേസിൽ അന്തിമവാദം കൊച്ചി സിബിഐ കോടതിയില്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. വിധി ഡിസംബര്‍ 28ന് പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി.
കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധന, പ്രതികളുടെ സിഡിആര്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് നടപടി ക്രമങ്ങൾ നീണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട വാദം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിരുന്നു. ഇതോടെയാണ് വിധി പ്രസ്താവന തിയതി നിശ്ചയിക്കുന്നതിനായി ഡിസംബര്‍ 23ലേക്ക് മാറ്റിയത്.
വിധി എന്തായാലും കേരളം ചർച്ച ചെയ്ത ഇരട്ട കൊലക്കേസിൽ സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങൾ നിയമ പോരാട്ടം തുടരാനാണ് സാധ്യത നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ വിധിയിൽ ആകംക്ഷയും നിലനിൽക്കുന്നു. 2019 ഫെബ്രുവരി 17 നാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. 24 പ്രതികളുള്ള കേസില്‍ 16 പേർ അറസ്റ്റിലായത് മുതൽ ജയിലിൽ തന്നെയാണ്.
സിപിഎം നേതാക്കളും സജീവ പ്രവർത്തകരും അടക്കമുള്ളവർ പ്രതികളായ കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. കേസിൽ സിപിഎം പ്രവർത്തകരും നേതാക്കളും ക്രൈംബ്രാഞ്ചിൻ്റെ കുറ്റപത്രത്തിൻ സാക്ഷികളാക്കപ്പെട്ടതോടെ കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും പിതാക്കന്മാർ സുപ്രീംകോടതിയെവരെ സമീപിച്ചതോടെയാണ് കോടതി കേസ് സിബിഐയ്ക്ക് വിട്ടത്.
കല്യോട്ടെ സിപിഎം നേതാവും ലോകൽ കമിറ്റി അംഗവുമായ പീതാംബരന്‍ ആണ് കേസിലെ ഒന്നാം പ്രതി. സിപിഎം നേതാക്കൾ അടക്കം അഞ്ചു പ്രതികളെ സിബിഐ ആണ് അറസ്റ്റു ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമന്‍, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ എന്നിവർ അടക്കം കേസിലെ പ്രതികളാണ്.
#PeriyaKallyotte #DoubleMurder #CBICourt #KeralaPolitics #CPM #Verdict28