Theft | മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച; 9 ലക്ഷം രൂപയും 9 പവൻ സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷണം പോയി
* വീട്ടിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്
മഞ്ചേശ്വരം: (KasaragodVartha) വീട്ടുകാർ വിദേശത്തേക്ക് പോയ് സമയത്ത് വീട് കുത്തിത്തുറന്ന് പണവും സ്വർണഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കവർന്നതായി പരാതി. മച്ചമ്പാടി സി എം നഗറിലെ ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒമ്പത് ലക്ഷം രൂപയും, സ്വർണ വളകളും, മാലയും സ്വർണ കോയിനും അടക്കം ഒമ്പത് പവൻ സ്വർണഭാരണങ്ങളും റാഡോ വാചും വിവിധ രേഖകളും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് ഇബ്രാഹിം ഖലീൽ വീടുപൂട്ടി ഗൾഫിലേക്ക് പോയത്. സമീപത്ത് താമസിക്കുന്ന സഹോദരൻ അബൂബകർ സിദ്ദീഖ് വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വീടിന്റെ മുകളിലെ നിലയിലെ മാസ്റ്റർ ബെഡ് റൂമിലെ അലമാര കുത്തിത്തുറന്ന് ലോകറിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് കവർന്നിരിക്കുന്നത്.
മെയ് 16ന് വൈകീട്ട് അഞ്ച് മണിക്കും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അബൂബകർ സിദ്ദീഖിന്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.