Police Booked | കൗമാരക്കാരനെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ വയോധികൻ എലിവിഷം അകത്ത് ചെന്ന നിലയിൽ; പൊലീസ് കേസടുത്തു
ചട്ടഞ്ചാൽ: (KasargodVartha) കൗമാരക്കാരനെ പീഡിപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിയായ വയോധികനെ എലിവിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എം ചന്ദ്രശേഖരന് (63) എതിരെയാണ് ആത്മഹത്യ ശ്രമത്തിന് കേസെടുത്തത്.
പോക്‌സോ കേസില്‍ അറസ്റ്റിലായി മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോൾ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെവെച്ച് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ചന്ദ്രശേഖരന്റെ മൊഴി രേഖപ്പെടുത്തി. പിന്നാലെ ജില്ലാ സെഷന്‍സ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറമ്പ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.