Legal Action | എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
● 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം.
● പൊലീസ് പിപി ദിവ്യയുടെ മൊഴി എടുക്കും.
● അന്വേഷണത്തിന് കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്കെത്തും.
കണ്ണൂര്‍: (KasargodVartha) എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ (PP Divya) കേസെടുത്തു. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ദിവ്യയെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദിവ്യക്കെതിരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാന്‍ പൊലീസ് തീരുമാനിച്ചത്.
അഴിമതി ആരോപണത്തെിന് പിന്നാലെ കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലാണ് അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയും പൊലീസ് എടുക്കും. അന്വേഷണത്തിന് കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും. നവീന്റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേസെടുക്കാത്തത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണിപ്പോള്‍ ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്.
ഇതിനിടെ, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം വിപി ദുല്‍ഖിഫില്‍ പരാതി നല്‍കി. എഡിഎമ്മിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നും പിപി ദിവ്യയെ നേരിട്ട് വിളിച്ചു വരുത്തണമെന്നും പരാതിയില്‍ ആരോപിക്കുന്നു.
കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. ജില്ലാ കലക്ടറും റവന്യൂ ഉദ്യോഗസ്ഥരും മാത്രം ഉണ്ടായിരുന്ന യോഗത്തിലേക്കാണ് ദിവ്യ കടന്നുചെന്നത്. ദിവ്യ പരസ്യമായി അപമാനിച്ചതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നാണ് ആരോപണം. കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പ് തുടങ്ങാനുള്ള പ്രശാന്തന്‍ എന്ന സംരംഭകന് നിരാക്ഷേപ പത്രം നല്‍കുന്നതില്‍ നവീന്‍ ബാബു അഴിമതി നടത്തിയെന്നായിരുന്നു ദിവ്യയുടെ ആരോപണം.
അതേസമയം, നവീന്‍ ബാബുവിന്റെ സംസ്‌കാരം വ്യാഴാഴ്ച പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.
#KeralaPolitics #Corruption #Investigation #PPDivya #NaveenBabu #Justice