Dowry Demand | വാട്‌സ്ആപ് ശബ്ദസന്ദേശത്തിലൂടെ യുവതിയെ മൊഴി ചൊല്ലുകയും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഭര്‍ത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

● ഹൊസ്ദുർഗ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്
● മുസ്ലീം സ്ത്രീ വിവാഹ അവകാശ സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി
● ബന്ധുകൾക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസ്.
കാഞ്ഞങ്ങാട്: (KasargodVartha) വാട്സ് ആപ് ശബ്ദസന്ദേശത്തിലൂടെ യുവതിയെ മൊഴി ചൊല്ലുകയും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്തതായുള്ള പരാതിയിൽ ഭര്‍ത്താവിനും ബന്ധുക്കൾക്കുമെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സി എച് നുസൈബ (21) യുടെ പരാതിയിലാണ് ഭര്‍ത്താവ് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുല്‍ റസാഖ്, മാതാവ് നഫീസ, സഹോദരിമാരായ റുഖ് യ, ഫൗസിയ എന്നിവർക്കെതിരെ കേസെടുത്തത്.
ബിഎൻഎസ് നിയമത്തിലെ വകുപ്പ് 85 പ്രകാരവും മുസ്ലീം വുമൺ (പ്രൊടക്ഷൻ ഓഫ് റൈറ്റ് ഓൺ മാരേജ്) നിയമത്തിലെ 2 (മുത്തലാഖ്), 3 വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരിമാർ എന്നിവക്കെതിരെയുള്ള കേസ്. ഭാര്യക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ചായിരുന്നു മുത്തലാഖ് ചൊല്ലിയതെന്നാണ് യുവാവ് പ്രചരിപ്പിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ മാസം 21ന് യുവതിയുടെ പിതാവിന്റെ ഫോണില്‍ വിദേശത്തുള്ള ഭര്‍ത്താവ് വിളിച്ചും ശബ്ദ സന്ദേശം അയച്ചും മകളെ മുത്തലാഖ് ചൊല്ലിയെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 2022 ഓഗസ്ത് എട്ടിനായിരുന്നു ഇരുവരും മതാചാരപ്രകാരം വിവാഹിതരായത്. തുടര്‍ന്നു കാഞ്ഞങ്ങാട് നഗരസഭയില്‍ മുസ്ലിം മതാചാരപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു.
വിവാഹം കഴിഞ്ഞ് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. ആറുമാസത്തിനുശേഷം സ്ത്രീധനം പോരെന്നു പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നുവെന്നും വിവാഹസമയത്ത് അണിഞ്ഞിരുന്ന 20 പവന്‍ സ്വർണാഭരണങ്ങള്‍ ഭര്‍ത്താവ് വിറ്റുവെന്നും പരാതിയില്‍ പറയുന്നു. 50 പവന്‍ സ്വർണം ആവശ്യപ്പെട്ടായിരുന്നു ഭര്‍തൃവീട്ടുകാരുടെ പീഡനമെന്നും യുവതി പൊലീസിനെ അറയിച്ചതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A case has been filed against a husband and his relatives for harassing his wife and demanding dowry, with the use of a WhatsApp voice message to divorce her.
#DowryHarassment #WhatsAppAbuse #KasaragodNews #DomesticViolence #CaseFiled #KeralaNews