Investigation | 'ഓൺലൈനിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടു'; കാസർകോട്ട് പൊലീസ് പരിശോധനയിൽ 5 പേർക്കെതിരെ കേസ്; ഒരാൾ അറസ്റ്റിലായി
കുടുങ്ങിയത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ നടന്ന ഓപറേഷൻ പി ഹണ്ടിൽ
കാസർകോട്: (KasargodVartha) കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ ജില്ലയിലാകെ നടന്ന ഓപറേഷൻ പി ഹണ്ടിൽ അഞ്ച് പേർ കുടുങ്ങി. നിരോധിച്ച അശ്ലീല സൈറ്റുകളിൽ നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിച്ചതിനാണ് കേസെടുത്തത്.
കുമ്പള, മഞ്ചേശ്വരം, രാജപുരം പൊലീസ് സ്‌റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവും, ഹൊസ്ദുർഗ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. കുമ്പളയിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ഡി ശിൽപ കാസർകോട് വാർത്തയോട് പറഞ്ഞു. ഇവർ രാജ്യത്ത് നിരോധിച്ച ചൈൽഡ് പോൺ സൈറ്റുകളിൽ നിന്നാണ് വീഡിയോകൾ ഡൗൺലോഡ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിവരികയാണ്.
ഹൊസ്ദുർഗ് എസ്ഐമാരായ എൻ അൻസാർ, വി പി അഖിൽ എന്നിവരുടെ നേതൃത്വത്തിലും, കുമ്പള സ്റ്റേഷൻ എസ്ഐ വി കെ വിജയന്റെ നേതൃത്വത്തിലും, രാജപുരം സ്റ്റേഷൻ എസ്ഐ സി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടത്തിയത്. ചിത്താരി ചാമുണ്ഡിക്കുന്നിലെ ഒരു തട്ടുകടയിൽ നിന്നും വാഴുന്നോറടിയിലെ ഒരു വീട്ടില്‍ നിന്നുമാണ് ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പ്രതികളുടെ ഫോണുകൾ പിടിച്ചെടുത്തത്. കുമ്പള സ്റ്റേഷൻ പരിധിയിലെ ബംബ്രാണയിലും രാജപുരം പരിധിയിലെ ചുള്ളിക്കരയിലുമായിരുന്നു മറ്റ് രണ്ട് പ്രതികളെ കണ്ടെത്തിയത്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ഇത്തരം പ്രവൃത്തികൾ കുട്ടികളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കും. ഇത്തരം കേസുകളിൽ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. പൊലീസ് ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്. പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും, അവർ ഈ വീഡിയോകൾ എവിടെ നിന്ന് ലഭിച്ചു എന്ന് മാത്രമല്ല മറ്റുള്ളവർക്ക് അയച്ചുകൊടുത്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
#KasargodPolice, #ChildProtection, #Investigation, #DigitalEvidence, #ExplicitContent, #ChildSafety