Investigation | അബൂബകർ സിദ്ദീഖ് വധം: 'തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി'
● കൊലപാതകം നടന്നത് 2022 ജൂൺ 26ന്
● ഗൾഫിൽ നിന്ന് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്
● ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
ഉപ്പള: (KasargodVartha) പുത്തിഗെ മുഗു റോഡിലെ അബൂബകർ സിദ്ദീഖിനെ ഗൾഫിൽ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ഊർജിതമാക്കിയതിനു പിന്നാലെ കേസിലെ നിർണായക തെളിവായ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അബൂബകർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബലേനോ കാറാണ് തിങ്കളാഴ്ച ഉച്ചയോടെ പൈവളിഗെയ്ക്കു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്‌പിയെ കൂടാതെ എസ് ഐ രഞ്ജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവർ സ്ഥലത്തെത്തി. കാർ കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്‌ധരായ മെഹർബ, പി നാരായണൻ എന്നിവരും സ്ഥലത്തെത്തി കാർ പരിശോധിച്ചു.
അബൂബകർ സിദ്ദീഖിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ കണ്ടെത്താനുള്ള ശ്രമം ഏതാനും ദിവസമായി ഡിവൈഎസ്‌പിയും സംഘവും ഊർജിതമാക്കിയിരുന്നു. കാർ ഒളിപ്പിച്ചുവെച്ച സ്ഥലം ക്രൈംബ്രാഞ്ച് സംഘം തിരിച്ചറിഞ്ഞുവെന്നു ബോധ്യമായതോടെയാണ് കാർ ഉപേക്ഷിച്ചതെന്നു സംശയിക്കുന്നു.
2022 ജൂൺ 26ന് ആണ് അബൂബകർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പിന്നിൽ ദിർഹം ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗൾഫിൽ നിന്ന് വിളിച്ചുവരുത്തിയ അബൂബക്കർ സിദ്ദീഖിനെ കാറിൽ കയറ്റി പൈവളിഗെയിലെ ഒറ്റപ്പെട്ട ഒരു വീട്ടിലെത്തിച്ച ശേഷം ക്രൂരമായി മർദിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു. തുടർന്ന് തലകീഴായി കെട്ടിത്തൂക്കി മർദിച്ചതിലാണ് മരണം സംഭവിച്ചത്. മൃതദേഹം കാറിൽ കയറ്റി ബന്തിയോട്ടെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു.
ലോകൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിലരെ അറസ്റ്റ് ചെയ്തെങ്കിലും, അന്വേഷണത്തിൽ ബന്ധുക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയെ സമീപിച്ച് പരാതി നൽകിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിലെ ചില പ്രതികൾ ഇപ്പോൾ വിദേശത്താണെന്നാണ് സൂചന.
#AboobackerSiddique #Murder #Crime #Kerala #India #Investigation