Arrest | മുംതാസ് അലിയുടെ മരണം: ഹണിട്രാപ് - ബ്ലാക് മെയിൽ കേസിൽ 3 പേർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ മുഖ്യസൂത്രധാരനും
● നേരത്തെ ദമ്പതികളും അറസ്റ്റിലായിരുന്നു
● മുംതാസ് അലിയെ ഹണിട്രാപിൽ കുടുക്കി പണം തട്ടിയെടുത്തുവെന്നാണ് കേസ്
● അബ്ദുൽ സത്താറാണ് കേസിലെ മുഖ്യസൂത്രധാരനെന്നാണ് പറയുന്നത്
മംഗ്ളുറു: (KasargodVartha) പ്രമുഖ വ്യവസായിയും മിസ്ബാഹ് ഗ്രൂപ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനുമായ മുംതാസ് അലിയുടെ (52) മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ അബ്ദുൽ സത്താർ, മുഹമ്മദ് മുസ്ത്വഫ, ശാഫി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. നേരത്തെ ദക്ഷിണ കന്നഡ ജില്ലയിലെ റഹ്‌മത് എന്ന ആഇശ, ഭർത്താവ് ശുഐബ്, കൂട്ടാളി സിറാജ് എന്നിവരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായ റഹ്‌മതിനെയും ഭർത്താവ് ശുഐബിനെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടതായി സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയ മുംതാസ് അലിയുടെ കെഎ 19 എംജി 0004 നമ്പരിലുള്ള ബിഎംഡബ്ല്യു കാർ പുലർച്ചെ അഞ്ചോടെ കുളൂർ പാലത്തിൽ തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ്, എൻഡിആർഎഫ്, നീന്തൽ വിദഗ്ധർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം തിങ്കളാഴ്ച രാവിലെ ഫാൽഗുനി പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഹണിട്രാപും ബ്ലാക് മെയിലുമാണ് മുംതാസ് അലിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
റഹ്‍മതുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2024 ജൂലൈ മുതൽ പ്രതികൾ മുംതാസ് അലിയിൽ നിന്ന് 50 ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും കൂടുതൽ പണം നൽകിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തന്നെ സഹായിക്കുവരെയെല്ലാം ഉദാരമായി സഹായിക്കുന്ന മുംതാസ് അലിയുടെ സ്വഭാവം മുതലെടുത്ത് റഹ്‌മത് അദ്ദേഹവുമായി അടുപ്പം വളർത്തിയെടുക്കുകയും മുതലെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതികളുടെ പീഡനം മൂലം മുംതാസ് അലി കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്.
ഹണിട്രാപും ബ്ലാക് മെയിലുമാണ് മുംതാസ് അലിയുടെ മരണത്തിനിടയാക്കിയതെന്ന് മുംതാസ് അലിയുടെ സഹോദരൻ ഹൈദരലി കാവൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും പറഞ്ഞിരുന്നു. സെക്ഷൻ 308 (2), 308 (5), 351 (2), 352, 190 എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇപ്പോൾ അറസ്റ്റിലായ അബ്ദുൽ സത്താറാണ് കേസിലെ മുഖ്യസൂത്രധാരനെന്നാണ് പറയുന്നത്. യൂത് കോൺഗ്രസ് സൂറത്കൽ യൂണിറ്റ് മുൻ പ്രസിഡന്റാണ് ഇയാൾ. സൂറത്കലിൽ പാർടിസംഘടനാ പ്രവർത്തനങ്ങളിൽ സത്താർ സജീവമായിരുന്നുവെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു. അറസ്റ്റിന് ശേഷം ഇയാളെ ആറ് വർഷത്തേക്ക് പാർടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
#MumtazAli #Kerala #honeytrap #blackmail #murder #arrest #crime #India