city-gold-ad-for-blogger

'ക്വട്ടേഷൻ ആക്രമണത്തിന് പിന്നിൽ യൂട്യൂബർ ഖാദർ കരിപ്പൊടി'; കേസിൽ നിന്ന് പിന്മാറില്ലെന്ന് പ്രവാസി വ്യാപാരി

Gulf businessman K M Abdul Ahad alleges 'quotation' attack by YouTuber Khader Karipodi
KasargodVartha Photo

● ജൂൺ 27-ന് അണങ്കൂരിലെ ചോപ്പാടി റസ്റ്റോറന്റിന് സമീപം വെച്ചാണ് ആക്രമണം നടന്നത്
● 'സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്'
● 'അക്രമികൾ തലയിൽ അടിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ കണ്ണിന് പരിക്കേറ്റു'
● 'ആക്രമണ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്'
● സമൂഹമാധ്യമങ്ങളിലൂടെ പ്രതി തനിക്കെതിരെ അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്നുവെന്ന് പരാതിക്കാരന്‍

കാസർകോട്: (KasargodVartha) യൂട്യൂബർ ഖാദർ കരിപ്പൊടിക്ക് ക്വട്ടേഷൻ ലഭിച്ചതിനെ തുടർന്നാണ് തനിക്കുനേരെ ആക്രമണമുണ്ടായതെന്ന് ഗൾഫ് ബിസിനസുകാരൻ കെ എം അബ്ദുൽ അഹദ്. പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖാദറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയത്. സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഒളിവിലിരുന്ന് തനിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിക്കുന്ന പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തിന് പിന്നിൽ സാമ്പത്തിക തർക്കം

2026 ജൂൺ 27ന് വൈകിട്ട് അണങ്കൂരിലെ ചോപ്പാട്ടി റസ്റ്റോറൻ്റിന് സമീപത്തേക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഖാദർ കരിപ്പൊടി തന്നെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അഹദ് പറഞ്ഞു. അവിടെ ഖാദർ കരിപ്പൊടി ഉൾപ്പെടെ മൂന്നുപേർ ചേർന്ന് ദുബൈയിലെ തൻ്റെ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെക്കുറിച്ച് ചോദിച്ചതായും കർണാടക ഗാളിമുഖം സ്വദേശിയായ ഒരു വ്യാപാരിക്ക് നൽകാനുള്ള പണമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടപാട് ദുബൈയിൽ നടക്കുന്ന നിയമാനുസൃത ബിസിനസ് കരാറിൻ്റെ ഭാഗമാണെന്നും വിഷയം അവിടെത്തന്നെ നിയമപരമായി പരിഹരിക്കുമെന്നും അറിയിച്ചെങ്കിലും അത് അംഗീകരിക്കാതെ പണം ഇവിടെ വെച്ച് നൽകണമെന്ന് പ്രതി നിർബന്ധിച്ചുവെന്നാണ് പരാതി. ഖാദർ കരിപ്പൊടിയുമായി തനിക്ക് ബിസിനസ് ബന്ധമില്ലെന്നും സ്വന്തം സ്വകാര്യ സാമ്പത്തിക ഇടപാടിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നും അഹദ് പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഇന്റർലോക്ക് കല്ലെടുത്ത് തലയിൽ അടിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റുവെന്നും തുടർന്ന് മൂന്നുപേരും ചേർന്ന് തന്നെ മർദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈ ആക്രമണ ദൃശ്യങ്ങൾ സമീപത്തെ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

അപകീർത്തികരമായ പ്രചാരണം

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലും ഖാദർ കരിപ്പൊടി സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ വീഡിയോകളും പരാമർശങ്ങളും തുടരുകയാണെന്ന് അഹദ് ആരോപിച്ചു. ഇത്തരം പ്രചാരണങ്ങൾ അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും തൻ്റെ വ്യക്തിപരമായ അന്തസ്സിനും കുടുംബത്തിനും സാമൂഹിക ജീവിതത്തിനും ഗുരുതരമായ ദോഷം വരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഖാദർ കരിപ്പൊടിക്കെതിരെ നേരത്തെയും ക്രിമിനൽ കേസുകൾ ഉള്ളതായി അഹദ് ചൂണ്ടിക്കാട്ടി. പൊലീസിനെ ആക്രമിച്ച കേസുകൾ ഉൾപ്പെടെ ഇയാൾക്കെതിരെ കേസുകളുണ്ട്.

ആക്രമണത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്നെ സമാന അനുഭവങ്ങൾ നേരിട്ടതായി പറയുന്ന ആറ് പേർ സന്ദർശിച്ചിരുന്നതായും കേസിൽ നിന്ന് ഒരു കാരണവശാലും പിന്മാറരുതെന്ന് അവർ ആവശ്യപ്പെട്ടതായും അഹദ് വെളിപ്പെടുത്തി. വധശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസ് പിൻവലിപ്പിക്കാൻ ഖാദർ കരിപ്പൊടിക്ക് വേണ്ടി ചില സോഷ്യൽ മീഡിയ യൂട്യൂബർമാർ തന്നെ സമീപിച്ചിരുന്നെന്നും എന്നാൽ യാതൊരു സമ്മർദത്തിനും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫിലെ ബിസിനസ് രേഖകളും വാർത്താസമ്മേളനത്തിൽ അഹദ് പുറത്തുവിട്ടു.

കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Gulf-based businessman K M Abdul Ahad has alleged that YouTuber Khader Karipodi attacked him based on a 'quotation' related to a financial dispute. Ahad has vowed to pursue legal action against him and the others involved in the incident.

#KasaragodNews #AttemptedMurder #KhaderKaripodi #PressMeet #LocalCrime #KeralaPolice #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia