Accident | കാസർകോട് നഗരത്തിൽ സ്‌കൂടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ബസ് നിർത്താതെ പോയി; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് പ്രവാസി യുവാവ്; വീഡിയോ
കാസർകോട്: (KasargodVartha) സ്‌കൂടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ബസ് നിർത്താതെ പോയതായി പരാതി. കാസർകോട് പൊലീസ് സ്റ്റേഷൻ - കറന്തക്കാട് റോഡിൽ ചൊവ്വാഴ്ച വൈകീട്ട് 4.05 മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം കാസർകോട് വാർത്തയ്ക്ക് ലഭിച്ചു. ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ മൊഗ്രാൽ സ്വദേശി മുഹമ്മദ് ശാകിറാണ് (39) പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
കാസർകോട് - പെർള റൂടിലോടുന്ന ബസാണ് അപകടം വരുത്തിയതെന്ന് പരുക്കേറ്റ മുഹമ്മദ് ശാകിർ കാസർകോട് വാർത്തയോട് പറഞ്ഞു. തൊട്ടടുത്ത വ്യാപാരികളും മറ്റും ചേർന്ന് ഉടൻ തന്നെ യുവാവിനെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചു. കൈമുട്ടുകൾക്കും കാൽമുട്ടുകൾക്കും പരുക്കേറ്റിട്ടുണ്ട്. റോഡരികിൽ ചേർന്നായിരുന്നു സ്‌കൂടർ യാത്രക്കാരൻ സഞ്ചരിച്ചിരുന്നത്. പാസ്പോർട് പുതുക്കുന്നതിനായാണ് യുവാവ് നഗരത്തിലെത്തിയത്.
കാസർകോട് നഗരത്തിൽ സ്‌കൂടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ബസ് നിർത്താതെ പോയി; ഞെട്ടിക്കുന്ന വീഡിയോ pic.twitter.com/eyXpXcpgkt
— Kasargod Vartha (@KasargodVartha) July 3, 2024
സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്. അപകടം ബസിന്റെ അരികിലിരുന്ന യാത്രക്കാർ കണ്ടിരുന്നുവെങ്കിലും ബസ് നിർത്താതെ പോവുകയായിരുന്നുവെന്നാണ് ആക്ഷേപം. ഹെൽമറ്റ് തട്ടിയത് കൊണ്ടാണ് ബസിനടിയിൽ പെടാതിരുന്നതെന്ന് യുവാവ് പറഞ്ഞു. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബസ് നിർത്തിയില്ലെന്ന ആരോപണം ശരിയല്ലെന്നും വളവായതിനാൽ തൊട്ടുമുന്നിലാണ് നിർത്താൻ കഴിഞ്ഞതെന്നും കാര്യമായ പരുക്കില്ലാത്തതിനാൽ യാത്ര തുടരുകയായിരുന്നുവെന്നും ബസ് ജീവനക്കാർ കാസർകോട് വാർത്തയോട് പറഞ്ഞു. അപകടത്തിന്റെ പേരിൽ തങ്ങൾക്ക് ഭീഷണി ഉണ്ടെന്നും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്നും ബസ് ഉടമ പറഞ്ഞു.