Job Scam | 'റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി സഹോദരങ്ങളിൽ നിന്നും അരക്കോടി രൂപ തട്ടിയെടുത്തു'; പൊലീസ് കേസ്
പയ്യന്നൂർ: (KasargodVartha) റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി 53,70,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. പിലിക്കോട് കാലിക്കടവിലെ ശ്രീനിലയത്തിൽ പി ശരത് കുമാർ (32), സഹോദരൻ പി ശ്യാംകുമാർ (30) എന്നിവരുടെ വ്യത്യസ്‌ത പരാതിയിലാണ് കണ്ണൂർ ജില്ലയിലെ ലാൽ ചന്ദ്, ശശി, കൊല്ലത്തെ അജിത് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
കഴിഞ്ഞവർഷം സെപ്റ്റംബർ പതിനൊന്നിനും ഈ വർഷം ഫെബ്രുവരി ആറിനും ഇടയിലുള്ള കാലയളവിൽ ചെന്നൈയിൽ റെയിൽവേയിൽ ജോലിക്കായി ശരത് കുമാർ പണമായും ബാങ്ക് അകൗണ്ട് വഴിയും, പ്രതികളുടെ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് 35,20,000 രൂപ കൈമാറിയെന്നാണ് പറയുന്നത്. പിന്നീട് ജോലിയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
ശ്യാംകുമാറിന്റെ പരാതിയിൽ, റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി കഴിഞ്ഞ വർഷം നവംബർ 27നും ഈ വർഷം ഫെബ്രവരി ആറിനുമിടയിൽ 18, 50,000 രൂപ കൈമാറിയെന്നും പിന്നീട് ജോലിയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നുമാണ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.