Accusation | പി പി ദിവ്യ ഒളിവില്‍? 'ഭീഷണിപ്പെടുത്തിയതിനും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതിനും കേസെടുക്കണം'; നവീന്‍ ബാബുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി
● വ്യക്തിവൈരാഗ്യത്തോടെ പെരുമാറി.
● കെ വി പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണം.
● പി പി ദിവ്യയുടെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ്.
● പ്രവീണ്‍ ബാബുവാണ് പൊലീസില്‍ പരാതി നല്‍കിയത്.
കണ്ണൂര്‍: (KasargodVartha) കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ (Naveen Babu) മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധുക്കള്‍. പി പി ദിവ്യ (PP Divya) പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ നിയമ നടപടികളുമായി മുന്‍പോട്ട് നീങ്ങുന്നത്. നവീന്‍ ബാബുവിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീണ്‍ ബാബുവാണ് (Praveen Babu) പൊലീസില്‍ പരാതി നല്‍കിയത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ വ്യക്തിവൈരാഗ്യത്താല്‍
പിപി ദിവ്യ, എഡിഎം നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത് പ്രസിഡന്റിനെതിരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തണമെന്നും പ്രവീണ്‍ ബാബു പരാതിയില്‍ ആവശ്യപ്പെട്ടു.
എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ കെ വി പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രവീണ്‍ ബാബു പറഞ്ഞു.
പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകന്‍ കൂടിയായ പ്രവീണ്‍ ബാബു ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എഡിഎമ്മിന്റെ മരണത്തിന് ശേഷം പിപി ദിവ്യ ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണും സ്വിച് ഓഫാക്കിയ നിലയിലാണ്. എഡിഎമ്മിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പി പി ദിവ്യ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ കണ്ണപുരത്തെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച് നടത്തി.
#KeralaNews #CrimeNews #Corruption #PoliticalScandal #Investigation #JusticeForNaveenBabu