Bribery | കൈക്കൂലി കേസ്; തിരുവല്ല നഗരസഭ സെക്രടറിയും ജീവനക്കാരിയും വിജിലന്‍സ് പിടിയില്‍
തിരുവല്ല: (www.kasargodvatha.com) കൈക്കൂലി കേസില്‍ തിരുവല്ല നഗരസഭ സെക്രടറിയും ജീവനക്കാരിയും വിജിലന്‍സ് പിടിയില്‍. സെക്രടറി നാരായണ്‍ സ്റ്റാലിനും പ്യൂണ്‍ ഹസീനയുമാണ് പിടിയിലായത്. 25,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് നാരായണ്‍ സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. നാരായണ്‍ സ്റ്റാലിന് വേണ്ടി ആളുകളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയിരുന്ന ആളാണ് പ്യൂണ്‍ ഹസീനയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നഗരസയിലെ ഖര മാലിന്യ സംസ്‌കരണം നടത്തുന്ന കംപനി ഉടമയില്‍ നിന്നാണ് സെക്രടറി പണം വാങ്ങിയതെന്നും ഖര മാലിന്യ പ്ലാന്റിന് ഫിറ്റ്‌നസ് സര്‍ടിഫികറ്റ് നല്‍കണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സെക്രടറി കംപനി ഉടമയോട് ആവശ്യപ്പെട്ടതെന്നും വിജിലസ് പറഞ്ഞു. ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ സര്‍ടിഫികറ്റ് നല്‍കില്ലെന്ന് സെക്രടറിയും നിലപാടെടുത്തതോടെയാണ് കംപനി ഉടമ വിജിലന്‍സില്‍ പരാതി നല്‍കിയത്.
വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം 25,000 രൂപയുമായി പരാതിക്കാരന്‍ സെക്രടറിയുടെ അടുത്തെത്തി. ഫിനോഫ്തലിന്‍ പുരട്ടിയ നോട് കെട്ടുകള്‍ സെക്രടറി വാങ്ങി പ്യൂണായ ഹസീനയെ ഏല്‍പിക്കുകയും ഈ സമയത്താണ് വിജിലന്‍സ് സംഘം ഓഫീസിലെത്തിയതെന്നുമാണ് റിപോര്‍ട്.