കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ് പത്രാധിപരുടെ വീടിന് നേരെ ബോംബേറ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.08.2021) കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ വീട്ടിനു നേരെ ബോംബേറ്. വെള്ളിയാഴ്ച രാത്രി 11.20 മണിയോടെയാണ് സംഭവം. ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നു. ബൈകുകളിലെത്തിയ കറുത്ത വേഷമണിഞ്ഞവരാണ് ബോംബെറിഞ്ഞതെന്ന് അരവിന്ദന്‍ മാണിക്കോത്ത് പൊലീസിനോട് പറഞ്ഞതായാണ് അറിയുന്നത്.
സംഭവം നടക്കുമ്പോള്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ ഭാര്യയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അരവിന്ദന്‍ മാണിക്കോത്ത് തൊട്ടടുത്ത് തന്നെയുള്ള ലേറ്റസ്റ്റ് പത്രം ഓഫീസിലായിരുന്നു. ബോംബേറില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് സ്ഥലത്തെത്തിയ ഹൊസ്ദുര്‍ഗ് സിഐ കെ പി ഷൈന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സംഭവമറിഞ്ഞയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലേറ്റസ്റ്റ് പ്രസിലെ സിസിടിവിയില്‍ ബൈകില്‍ രണ്ടംഗ സംഘം സംഭവം നടക്കുന്ന അതേസമയത്ത് പ്രസിനടുത്തുള്ള റോഡില്‍ കൂടി കടന്നു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബോംബേറിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
Keywords: Kanhangad, News, Kerala, Bomb, Crime, Latest, Newspaper, Police, Bomb hurled at house of the latest newspaper editor of Kanhangad