Police Booked | പുതിയ ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള കാസർകോട്ടെ ആദ്യത്തെ കേസ് അമ്പലത്തറയിൽ രജിസ്റ്റർ ചെയ്തു
ബീഹാർ സ്വദേശിയായ ജയ് നാരായൺ റാംമിൻ്റെ മകൻ പ്രഭുറാമിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്
കാഞ്ഞങ്ങാട്: (KasaragodVartha) പുതിയ ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള കാസർകോട്ടെ ആദ്യത്തെ കേസ് അമ്പലത്തറയിൽ രജിസ്റ്റർ ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷ സംഹിത (BNSS) അനുസരിച്ചുള്ള കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമ്പലത്തറ ബേളൂർ തട്ടുമ്മലിൽ വിട്ടൽ ആഗ്രോ ഇൻഡസ്ട്രീസിൽ ജോലി ചെയ്തുവരുന്ന ബീഹാർ സ്വദേശിയായ ജയ് നാരായൺ റാംമിൻ്റെ മകൻ പ്രഭുറാമിന്റെ (50) മരണവുമായി ബന്ധപ്പെട്ടാണ് കേസ്.
തിങ്കളാഴ്ച പുലർച്ചെ 12.30 മണിയോടെ കംപനി ക്വാർടേഴ്‌സിൽ വെച്ച് ഛർദിക്കുകയും തുടർന്ന് കിടന്നുറങ്ങിയ പ്രഭുറാമിനെ പുലർച്ചെ ഒരു മണിയോടെ കൂടെ മുറിയിലുണ്ടായവർ വിളിച്ചുണർത്താൻ ശ്രമിച്ചിട്ടും മിണ്ടിയിരുന്നില്ല. തുടർന്ന് മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാരതീയ നാഗരിക് സുരക്ഷ സംഹിത 194 പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പാർലമെൻറ് പാസാക്കിയ പുതിയ നിയമം രാഷ്ട്രപതി ഒപ്പിട്ടതിനെ തുടർന്നാണ് ജൂലൈ ഒന്നുമുതൽ നിലവിൽ വന്നിരിക്കുന്നത്. ഭാരതീയ ന്യായ് സംഹിതി, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയാണ് നിലവില്‍ വന്ന പുതിയ നിയമങ്ങള്‍. ഐപിസി, സിആർപിസി എന്നിവയ്‌ക്ക് പകരമാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നത്.