Crime | മന്ത്രവാദിനി ശമീമയിൽ 'പാത്തുട്ടി'യെന്ന പെൺകുട്ടി ബാധയായി കയറും, പിന്നീട് ഉറഞ്ഞുതുള്ളും; ഗഫൂർ ഹാജിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ അപസർപ്പക കഥയിലേത് പോലെ
● 'സ്വർണം ഇരട്ടിപ്പിക്കാമെന്ന വ്യാജ വാഗ്ദാനം നൽകി'
● 'ആഭിചാര ക്രിയയ്ക്കിടെ തല ഭിത്തിയിലിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്'
● '596 പവൻ സ്വർണം തട്ടിയെടുത്തു'
കാസർകോട്: (kasargodVartha) 'പാത്തുട്ടി' യെന്ന ബാധ കയറിയെന്ന് പറഞ്ഞ് മന്ത്രവാദിനി ശമീമ കാട്ടിക്കൂട്ടിയ നാടകങ്ങൾ പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം സി അബ്ദുൽ ഗഫൂർ ഹാജി (58) വിശ്വസിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം കാസർകോട് വാർത്തയോട് വെളിപ്പെടുത്തി. കൊല നടന്ന ദിവസം ഗഫൂർ ഹാജിയുടെ വീട്ടിൽ സന്ധ്യയ്ക്ക് 6.15നും 7.15നും ഇടയിൽ ആഭിചാര ക്രിയ നടന്നിരുന്നുവെന്നും സ്വർണം ഇരട്ടിപ്പിക്കുന്ന ആഭിചാര ക്രിയയ്ക്ക് വേണ്ടി ഗഫൂർ ഹാജി പൂച്ചക്കാട്ടെ ഒരു കടയിൽ നിന്നും ആവശ്യമായ സാധനങ്ങൾ വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2023 ഏപ്രില്‍ 13ന് റമദാന്‍ മാസത്തിലായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് അന്വേഷണ സംഘം പറയുന്നത് ഇങ്ങനെ: ഗഫൂർ ഹാജിയുടെ ദേഹത്ത് മൂന്ന് ആത്മാക്കൾ കയറിയിട്ടുണ്ടെന്നാണ് മന്ത്രവാദിനിയും സംഘവും പറഞ്ഞു വിശ്വസിപ്പിച്ചത്. ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ഗഫൂർ ഹാജിയിൽ നിന്ന് വാങ്ങിയ 596 പവൻ സ്വർണം തിരിച്ചുകൊടുക്കാതിരിക്കാൻ ആണ് ശമീമയും സംഘവും കൊലപാതകം ആസൂത്രണം ചെയ്തത്. ആഭിചാര ക്രിയ നടത്തുന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടാകാൻ പാടില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഭാര്യയെയും മക്കളെയും ഇവരുടെ മേൽപറമ്പിലെ ജ്യേഷ്ഠത്തിയുടെ മകളുടെ വീട്ടിൽ കൊണ്ടുചെന്നാക്കിയത്. കോളജിൽ പോയ മകളോട് ഗഫൂർ ഹാജി വിളിച്ച് പൂച്ചക്കാട്ടെ വീട്ടിലേക്ക് വരേണ്ടെന്നും ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലേക്ക് പോകണമെന്നും പറഞ്ഞിരുന്നു.
ഗഫൂർ ഹാജിയുടെ വീടിൻ്റെ 500 മീറ്റർ അകലെയായിരുന്നു മൂന്നാം പ്രതി അസ്നീഫയുടെ വീട് സ്ഥിതി ചെയ്യുന്നത്. അസ്നീഫയുടെ ഈ വീട് കേന്ദ്രീകരിച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികളിൽ മൂന്ന് പേർക്ക് മർമ ചികിത്സ അറിയാമായിരുന്നു. എറണാകുളം ജില്ലയിലെ രാജഗിരിയിൽ നിന്നാണ് ഇവർ മർമ ചികിത്സയടക്കം അറിയുന്ന അക്യുപംങ്ചർ പരിശീലനം നേടിയത്. ഇതിന് ശേഷം ഇവർ ഡോ. ശമീമ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവർക്ക് മനുഷ്യരുടെ മർമങ്ങൾ കൃത്യമായി അറിയാം. അതിനാൽ തന്നെ ആഭിചാര ക്രിയയ്ക്കിടെ മർമം നോക്കി തല ഭിത്തിയിലിടിപ്പിച്ചാണ് ഗഫൂർഹാജി യെ കൊലപ്പെടുത്തിയത്.
2023 ഏപ്രിൽ 11 നാണ് ആദ്യം ആഭിചാര ക്രിയകൾ നടത്താൻ തീരുമാനിച്ചിരുന്നത്. അന്ന് അത് നടന്നില്ല. പിന്നീടാണ് രണ്ട് ദിവസത്തിന് ശേഷം 13ന് സന്ധ്യയ്ക്ക് ആഭിചാര ക്രിയ നടത്താൻ തീരുമാനിച്ചത്. അസ്‌നീഫയുടെ വീട്ടിൽ നിന്ന് വരുമ്പോൾ സമീപത്തെ വീടുകളുടെ സിസിടിവി കാമറയിൽ പതിയാതിരിക്കാൻ സംഘം പിറകിലെ റോഡ് വഴിയാണ് ഗഫൂർ ഹാജിയുടെ വീട്ടിലെത്തിയത്. മുൻവശത്തെ വാതിൽ വഴിയാണ് അകത്തുകയറിയത്. ഈ സ്ഥലങ്ങളെലാം പൊലീസ് പരിശോധിച്ച് ഉറപ്പുവരുത്തിട്ടുണ്ട്.
ആഭിചാര ക്രിയ നടത്തുന്നതിന്റെ ഭാഗമായി പ്രത്യേക വസ്ത്രങ്ങൾ ഗഫൂർ ഹാജിയെ അണിയിച്ചിരുന്നു, എന്നാൽ ഇതെല്ലം കൊലനടത്തിയ ശേഷം തിരിച്ചുപോകുമ്പോൾ ശമീമയും സംഘവും കൊണ്ടുപോയിരുന്നു. വന്ന വഴിയിലൂടെ തന്നെയാണ് ഇവർ കടന്നുകളഞ്ഞത്. തെളിവ് നശിപ്പിക്കാനുള്ള ശ്രമവും ഇവിടെ നടത്തിയിട്ടുണ്ട്. ഇതിന് ശേഷം പൊലീസിനെ വിശ്വസിപ്പിക്കാനായി സമീപത്തെ ഉവൈസ് എന്നയാളുടെ വീട്ടിൽ ശമീമയുടെ 'സർപ്രൈസ് പിറന്നാൾ ആഘോഷം' ഒരുക്കി. കേക് മുറിച്ച് ഇതിന്റെ ചിത്രവും വീഡിയോയും പകർത്തിയിരുന്നു.
അന്നേദിവസം കാഞ്ഞങ്ങാട്ടെ ഒരു തയ്യൽ കടയിലും ഇവർ ചെന്നിരുന്നു. ഒന്നാം പ്രതി ഉവൈസും മറ്റ് യുവാക്കളും കന്തൂറ തയ്ക്കാനെന്ന വ്യാജേനയാണ് തയ്യൽ കടയിൽ എത്തിയത്. പെരുന്നാളിന്റെ തിരക്കായതിനാൽ ഇപ്പോൾ തയ്ച്ചു തരാനാവില്ലെന്ന് കടയുടമ പറഞ്ഞപ്പോൾ ഇപ്പോൾ വേണ്ടെന്നും ഉംറയ്ക്ക് പോകാൻ വേണ്ടിയുള്ളതാണെന്നും ഇവർ പറഞ്ഞു. എന്നാൽ പിന്നീട് തയ്ച്ചുവെച്ച വസ്ത്രം വാങ്ങാൻ ഇവർ പോയില്ല. കടയുടമ പല തവണ വിളിച്ചപ്പോൾ ഒന്നാം പ്രതി ഉവൈസ് ഒരു യുവാവിനെ അയച്ച് വസ്ത്രം വാങ്ങിപ്പിക്കുകയായിരുന്നു.
ബേക്കൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ പെരുന്നാളിന് ഡ്രസ് കോഡ് ഉണ്ടാക്കാൻ കാഞ്ഞങ്ങാട് ചെന്നുവെന്നാണ് പറഞ്ഞത്. ഈ മൊഴിയിലെ പൊരുത്തക്കേടാണ് കൊലപാതകത്തിലേക്ക് എത്താൻ പൊലീസിന് സഹായകരമായ പ്രധാന ഘടകങ്ങളിലൊന്ന്. കൊലയ്ക്ക് ശേഷം പ്രതികൾ പലതവണ ഗഫൂർ ഹാജിയെയും പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയെയും വിളിച്ചിരുന്നു.
ഗഫൂർ ഹാജി ഫോണെടുക്കുന്നില്ലെന്നും മാലിക് ദീനാർ പള്ളിയിലേക്ക് പ്രത്യേക പ്രാർഥനയ്ക്ക് വരാമെന്ന് പറഞ്ഞിരുന്നുവെന്നും ഭാര്യയോട് ശമീമ ഫോൺ ചെയ്തു പറഞ്ഞിരുന്നു. അര കിലോമീറ്റർ മാത്രം ദൂരെയുള്ള അസ്‌നീഫയുടെ വീട്ടിൽ പ്രതികൾ ഉണ്ടായിരുന്നിട്ടും ഗഫൂർ ഹാജിയുടെ വീട്ടിലേക്ക് പോയിനോക്കാതെ, കൊലപാതക വിവരം ഭാര്യയോ ബന്ധുക്കളോ അറിഞ്ഞിട്ടുണ്ടോയെന്ന് മനസിലാക്കാനായിരുന്നു ഇങ്ങനെ ഫോൺ ചെയ്തത്.
ബേക്കൽ പൊലീസ് കേസ് അന്വേഷിച്ചപ്പോൾ ഇവരുടെ മൊഴിയിലെ പൊരുത്തക്കേടുകൾ പൊളിക്കാൻ കഴിയാതിരുന്നത് കൊണ്ടാണ് കേസ് തെളിയാതിരുന്നത്. ഒരു വർഷത്തിലധികം പ്രതികൾ തങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിടിച്ചുനിന്നു. കൊലപാതക വിവരം അറിയുന്നതിന് മുമ്പ് തന്നെ കാസർകോട്ടുള്ള ഒരു ക്രിമിനൽ അഭിഭാഷകനെ ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗഫൂർ ഹാജിയുടെ ബന്ധുവിന് നേരത്തെ ഇത്തരത്തിൽ 'ബാധയൊഴിപ്പിച്ചിരുന്നുവെന്നും' പൊലീസ് കണ്ടെത്തി. ആഭിചാര ക്രിയ നടത്തുന്നതിനിടെ പാത്തുട്ടി ഉറഞ്ഞുതുള്ളുകയും ബെൽറ്റ് കൊണ്ട് അടിക്കുന്നതും കണ്ട് ഗഫൂർ ഹാജി ഇതെല്ലാം വിശ്വസിച്ചിരുന്നു
മരിച്ചുകിടക്കുമ്പോൾ ഗഫൂർ ഹാജി മുണ്ടും ബനിയനുമാണ് ധരിച്ചിരുന്നത്. കട്ടിലിന് താഴെയാണ് മൃതദേഹം ഇവർ കിടത്തിയിരുന്നത്. തലക്കേറ്റ ക്ഷതം കട്ടിലിൽ നിന്ന് വീണപ്പോൾ സംഭവിച്ചതാണെന്ന് വരുത്തി തീർക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശം. കുപ്പായം ഹാങ്ങറിൽ തൂക്കിയ നിലയിലായിരുന്നു. നോമ്പ് തുറക്കുള്ള വിഭവങ്ങൾ അടുത്തുള്ള ബന്ധുവീട്ടിൽ നിന്നും അവരുടെ കുട്ടി ഗഫൂർ ഹാജിയുടെ വീട്ടിൽ എത്തിച്ചിരുന്നു. വാതിൽ പൂട്ടിയിരുന്നതിനാൽ പുറത്തുവെച്ച് പോവുകയായിരുന്നു.
ഇതിന് തൊട്ടുമുമ്പ് നാട്ടിലെ പള്ളി കമിറ്റി ഭാരവാഹികൾ സംഭാവനയ്ക്കായി എത്തിയിരുന്നു. ബെൽ അടിച്ചിട്ടും തുറക്കാത്തപ്പോൾ ഫോണിൽ വിളിച്ചപ്പോൾ തന്റെ പേരിൽ നിശ്ചിത തുക എഴുതിക്കൊള്ളൂവെന്ന് ഗഫൂർ ഹാജി പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നതും ഗഫൂർ ഹാജിയെ മരിച്ച നിലയിലും കണ്ടത്. കൈമുകളിൽ കെട്ടി മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം'.
പൊലീസിന്റെ മുന്നിലെ വെല്ലുവിളി
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെയും കാസർകോട് ഡിസിആർ ബി ഡിവൈഎസ്‌പി കെ ജെ ജോൺസന്റെയും നേതൃത്വത്തിൽ നടത്തിയ സമർഥമായ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് കസ്റ്റഡി അപേക്ഷ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (2) കോടതിയിൽ നൽകിയിട്ടുണ്ട്. പ്രതികളും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഗഫൂർ ഹാജിയിൽ നിന്നും സംഘം തട്ടിയെടുത്തതായി പറയുന്ന സ്വർണം കണ്ടെടുക്കുകയെന്ന വലിയ ദൗത്യവും പൊലീസിന്റെ മുന്നിലുണ്ട്. കേസിൽ ദൃക്‌സാക്ഷി ഇല്ലാത്തതിനാൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചായിരിക്കും പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുക.
ആദ്യം സ്വഭാവിക മരണമാണെന്ന് കരുതി ഗഫൂർ ഹാജിയുടെ മൃതദേഹം ഖബറടക്കിയിരുന്നു. പിന്നീട് ആഭരണങ്ങൾ കാണാതായതോടെ കൊലപാതകം ആരോപിച്ച് മകൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർടം നടത്തുകയായിരുന്നു. തുടക്കത്തിൽ തന്നെ പരാതി നൽകിയിരുന്നുവെങ്കിൽ പ്രതികളുടെ വിരലടയാളവും തല ചുമരിലിടിച്ചപ്പോൾ സംഭവിച്ച ഭാഗത്തെ മുടിയും മറ്റ് തെളിവുകളും കിട്ടുമായിരുന്നുവെന്ന് പൊലീസ് സൂചിപ്പിക്കുന്നു. തെളിവുകൾ പലതും നഷ്ടപ്പെട്ട സ്ഥിതിക്ക് കൊലപാതകം കോടതിയിൽ തെളിയിയിക്കലാണ് പൊലീസിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
#blackmagic #murder #kerala #india #crime #gold #ritual #witchcraft #police #investigation