Investigation | ബിജെപി യുവ നേതാവ് പ്രവീൺ നെട്ടറു വധം: എൻഐഎ 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ
● ബഹ്റൈനിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്‌തതെന്ന് എൻഐഎ പ്രസ്‌താവനയിൽ അറിയിച്ചു.
● സുള്ള്യ ബെല്ലാരെയിൽ 2022 ജൂലൈ 22 നാണ് യുവമോർച്ച നേതാവായ പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്തിയത്.
● മുഹമ്മദ് ശരീഫ് നിരോധിത പിഎഫ്‌ഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നുവെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
മംഗ്ളുറു: (KasargodVartha) ബിജെപി യുവ നേതാവ് പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരായ ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് ശരീഫിനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ബഹ്റൈനിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്‌തതെന്ന് എൻഐഎ പ്രസ്‌താവനയിൽ അറിയിച്ചു. മുഹമ്മദ് ശരീഫ് അടക്കമുള്ള ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സുള്ള്യ ബെല്ലാരെയിൽ 2022 ജൂലൈ 22 നാണ് യുവമോർച്ച നേതാവായ പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്തിയത്. 2022 ഓഗസ്റ്റ് നാലിന് അന്വേഷണം ഏറ്റെടുത്ത എൻഐഎ ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്യുകയും ഒളിവിൽ പോയ മൂന്ന് പേർ ഉൾപ്പെടെ 23 പ്രതികളെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. മുഹമ്മദ് ശരീഫ് നിരോധിത പിഎഫ്‌ഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നുവെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ കണ്ടെത്താനും അന്വേഷണം തുടരുകയാണ്.
ബെല്ലാരെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിച്ചിരുന്ന കാസർകോട് സ്വദേശി മസ്ഊദ് (18) കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രവീണിനെ അദ്ദേഹം തന്റെ കോഴിക്കട അടക്കുന്നതിനിടെ ബൈകിൽ എത്തിയ സംഘം വെട്ടിക്കൊന്നത്. ഇതിന് പിന്നാലെ ജൂലൈ 28ന് സൂറത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഹമ്മദ് ഫാസിൽ (23) വെട്ടേറ്റ് മരിച്ചിരുന്നു. അടുത്തടുത്ത ദിവസങ്ങളിലുണ്ടായ മൂന്ന് കൊലപാതകങ്ങൾ രാജ്യത്തെ ഞെട്ടിച്ചിരുന്നു.
#PraveenNettaruMurder, #NIAArrest, #MohammedShareef, #BJP, #Investigation, #Terrorism