Allegation | കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ്; 'അത് പാര്‍ടി പണം തന്നെ, ഓഫീസില്‍ എത്തിച്ചത് ചാക്കില്‍'
● ആറ് ചാക്കുകളിലായാണ് പണം ഉണ്ടായിരുന്നത്
● ഓഫീസിനകത്ത് എത്തിച്ചപ്പോഴാണ് അത് പണമാണെന്ന് മനസ്സിലായത്
● തിരഞ്ഞെടുപ്പ് ആവശ്യാര്‍ഥമുള്ള പണമായിരുന്നു അത്
● തൃശ്ശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോയി
തൃശ്ശൂര്‍: (KasargodVartha) കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതൃത്വത്തെ ഏറെ വിവാദത്തിലാക്കിയ സംഭവമായിരുന്നു ഇത്. അത് പാര്‍ടി പണം തന്നെയായിരുന്നുവെന്നും തൃശ്ശൂരിലെ ഓഫീസില്‍ പണമെത്തിച്ചിരുന്നുവെന്നുമാണ് സതീശിന്റെ വെളിപ്പെടുത്തല്‍. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് സതീശ് ഇക്കാര്യം തുറന്നുപറഞ്ഞത്.
ചാക്കിലാണ് പണമെത്തിച്ചത്. ആദ്യം തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്നായിരുന്നു കരുതിയത്. എന്നാല്‍ ഓഫീസിനകത്ത് എത്തിച്ചപ്പോഴാണ് അത് പണമാണെന്ന് മനസ്സിലായതെന്നും സതീശ് പറഞ്ഞു. തിരഞ്ഞെടുപ്പ് ആവശ്യാര്‍ഥമുള്ള പണമായിരുന്നു അത്. തൃശ്ശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു.
പണമെത്തുന്ന കാര്യം നേതൃത്വത്തിനും അറിയാമായിരുന്നുവെന്നാണ് സതീശ് പറയുന്നത്. കുഴല്‍പ്പണം എത്തിച്ച ധര്‍മരാജന് തൃശൂരില്‍ മുറിയെടുത്ത് നല്‍കി. ആറുചാക്ക് നിറയെ പണമുണ്ടായിരുന്നു. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് കേസിലെ അന്നത്തെ പരാതിക്കാരന്‍ ധര്‍മജന്‍ തന്നോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യം പറയാനുണ്ടെന്നും പിന്നീട് അതേക്കുറിച്ച് പ്രതികരിക്കുമെന്നും സതീശ് പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസ് ഉണ്ടായപ്പോള്‍ അതിന് പാര്‍ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ടി പണമല്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കം പറഞ്ഞിരുന്നത്. എന്നാല്‍ അന്നത്തെ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിലൂടെ വിഷയം വീണ്ടും വിവാദമാവുകയാണ്.
കൊടകര കുഴല്‍പ്പണക്കേസിന് ഇടയാക്കിയ സംഭവം ഇങ്ങനെ:
2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40-നാണ് കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. കാര്‍ തട്ടിക്കൊണ്ടുപോയെന്നും അതില്‍ 25 ലക്ഷമുണ്ടെന്നുമായിരുന്നു പരാതി. കേസ് അന്വേഷിച്ച പ്രത്യേക സംഘം, അത് ബിജെപിയുടെ പണമായിരുന്നുവെന്നും മൂന്നരക്കോടി ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.
തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയ്ക്ക് നല്‍കാനാണ് കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കാണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്. പണം കൊണ്ടുവന്ന കാറിന്റെ ഡ്രൈവര്‍ ഷംജീര്‍ ആണ് ഒന്നാം സാക്ഷി. ധര്‍മജന്‍ രണ്ടാം സാക്ഷിയാണ്.
സംഭവത്തില്‍ കേസെടുത്ത കേരള പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണം ഏറ്റെടുക്കണമെന്ന പൊലീസിന്റെ ആവശ്യത്തോട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് പ്രതികരിച്ചതുമില്ല. രണ്ടുവര്‍ഷത്തോളം അന്വേഷിച്ചിട്ടും ഒളിപ്പിച്ച പണം കണ്ടെത്താനാകാത്തതിനാലായിരുന്നു അന്വേഷണം ഇഡി ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
ആവശ്യപ്പെടാതെ തന്നെ ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്ന ഇഡി എന്നാല്‍ കൊടകര കുഴല്‍പ്പണക്കേസിനോട് മുഖംതിരിച്ചു നിന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിളിച്ചുവരുത്തി തെളിവെടുത്ത കേസ്, അപ്രസക്തമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപണമുണ്ടായിരുന്നു.
ആദ്യഘട്ടത്തില്‍ ശക്തമായ അന്വേഷണവും നടപടികളുമുണ്ടായ കേസ് രണ്ടാംഘട്ടത്തില്‍ ദുര്‍ബലമാകുകയായിരുന്നു. കേരളത്തിലേക്ക് പണം എത്തിയ വഴി കണ്ടെത്തി ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ച് രണ്ടാംഘട്ട അന്വേഷണത്തില്‍ പണത്തിന്റെ ഉറവിടത്തിനടുത്തേക്ക് എത്തിയപ്പോഴാണിത്.
#KodakaraCase #BJP #KeralaPolitics #CashScandal #ElectionFunds #Koda-kara