Attack | കണ്ണൂരിൽ ശോഭായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
കണ്ണൂർ: (KasargodVartha) കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്.
തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
ബാബുവിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് അക്രമമെന്ന് കണ്ണപുരം പൊലീസ് പറഞ്ഞു. ശോഭയാത്ര കഴിഞ്ഞു മടങ്ങവെയാണ് തിങ്കളാഴ്ച്ച രാത്രി ബാബുവിന് വെട്ടേറ്റത്.
ഡിവൈഎഫ് ഐ പ്രവര്‍ത്തകരാണ് ബാബുവിന് നേരെ ആക്രമണം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ സംഭവത്തിൽ പങ്കില്ലെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
#BJP #Kannur #Attack #CPM #DYFI #Kerala