Arrest | 'റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക് മോഷണം'; കാസർകോട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

● മുഹമ്മദ് ഫസൽ, മുഹമ്മദ് മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്.
● 17 വയസുള്ള ഒരു കൗമാരക്കാരനും പിടിയിലായിട്ടുണ്ട്.
● സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്.
കണ്ണൂർ: (KasargodVartha) കണ്ണപുരം, പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക് മോഷണം പതിവായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാസർകോട് സ്വദേശികളായ യുവാക്കൾ അറസ്റ്റിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫസൽ (19), മുഹമ്മദ് മുസ്തഫ (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം 17 വയസുള്ള ഒരു കൗമാരക്കാരനും പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി കണ്ണപുരം, പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ബൈകുകൾ സ്ഥിരമായി മോഷണം പോകുന്നത് പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന്, സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ യുവാക്കൾ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ രീതിയിൽ പെരുമാറുന്നത് വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതികൾ കാസർകോട് ഭാഗത്തുള്ളവരാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന്, കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികളെ പിന്നീട് കണ്ണപുരം പൊലീസിന് കൈമാറി. യുവാക്കളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
#BikeTheft #RailwayStation #KeralaPolice #Arrest #CrimeNews #Kasargod