Allegation | ഡോക്ടര്‍ യുട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തതായി പരാതി; പിന്നാലെ 15 കാരന്റെ ജീവന്‍ നഷ്ടപ്പെട്ടു
പട്‌ന: (KasargodVartha) ബിഹാറിലെ സരണ്‍ (Saran) ജില്ലയില്‍ ഡോക്ടര്‍ യുട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തതായി പരാതി. പിന്നാലെ കൗമാരക്കാരന് ദാരുണാന്ത്യം. ഛര്‍ദിയുമായി മാതാപിതാക്കള്‍ സരണിലെ ആശുപത്രിയിലെത്തിച്ച മര്‍ഹൗറ (Marhaura) പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഭുവല്‍പൂര്‍ സ്വദേശിയായ ഗോലു (15)വിനാണ് ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ ശസ്ത്രക്രിയ നടന്ന ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.
സരണ്‍ പോലീസ് സൂപ്രണ്ട് കുമാര്‍ ആശിഷ് പറയുന്നത്: വെള്ളിയാഴ്ച ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ധര്‍മ ഭാഗി ബസാറിലെ ഗണപതി സേവാ സദനില്‍ പ്രവേശിപ്പിച്ചതായി പരാതിയില്‍ പറയുന്നു. മരുന്ന് കഴിച്ചതിന് ശേഷം ആദ്യം സുഖം തോന്നി.
എന്നിരുന്നാലും, ആരോപണവിധേയനായ ഡോക്ടര്‍ അജിത് കുമാര്‍ പുരി എന്ന ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച് പിത്തസഞ്ചിയിലെ കല്ല് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് അവകാശപ്പെട്ട്, കുടുംബത്തിന്റെ സമ്മതമില്ലാതെ ഗോലുവിനെ ശസ്ത്രക്രിയ മുറിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കംചെയ്തു.
വൈകാതെ പുറത്തെത്തിച്ചെങ്കിലും രോഗി വേദനകൊണ്ട് പുളയാന്‍ തുടങ്ങി, അവന്റെ നില വഷളായതായതോടെ, വേദനയെക്കുറിച്ച് ഡോക്ടറോട് ചോദിച്ചപ്പോള്‍ ഡോക്ടര്‍ പ്രകോപിതനായതായും ഗോലുവിന്റെ മുത്തച്ഛന്‍ പ്രഹ്ലാദ് പ്രസാദ് ഷാ പറഞ്ഞു.
പിന്നീട് ശ്വാസം താളം കുറഞ്ഞതോടെ കുട്ടിക്ക് സിപിആര്‍ നല്‍കി. തുടര്‍ന്ന് ഡോക്ടര്‍ ആംബുലന്‍സ് വിളിച്ചു, കൂടുതല്‍ ചികിത്സയ്ക്കായി ഗോലുവിനെ പട്‌നയിലേക്ക് കൊണ്ടുപോകാന്‍ കുടുംബത്തെ ഉപദേശിച്ചു. ഡോക്ടറും സഹായിയും രോഗിയെ അനുഗമിച്ചെങ്കിലും വഴിമധ്യേ കുട്ടി മരിക്കുകയും ചെയ്തു. ഇതോടെ ഡോക്ടറും സഹായിയും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ മൊഴി.
ഡോക്ടര്‍ക്ക് ശരിയായ മെഡിക്കല്‍ യോഗ്യത ഇല്ലായിരുന്നുവെന്നും യൂട്യൂബ് വീഡിയോകളില്‍ നിന്നുള്ള മാര്‍ഗനിര്‍ദ്ദേശത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും മരിച്ച കുട്ടിയുടെ പിതാവ് കൃഷ്ണ പ്രസാദ് പറഞ്ഞു. കേസെടുത്ത് അന്വേഷണം നടത്തുകയാണ്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തും കേസ് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എസ്എച്ഒയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ക്ക് നീതി വേണം, മറ്റൊന്നും വേണം. ഞങ്ങള്‍ക്ക് ഒരു യുവ കുടുംബാംഗത്തെ നഷ്ടപ്പെട്ടു, എന്റെ ചെറുമകനെപ്പോലെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,' ഗോലുവിന്റെ മുത്തച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഡോക്ടര്‍ക്കും ഗണപതി സേവാ സദന്‍ ജീവനക്കാര്‍ക്കുമെതിരെ മര്‍ഹൗറ പോലീസ് സ്റ്റേഷനിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഗണപതി സേവാ സദനിലെ ഡോക്ടറും ജീവനക്കാരും ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.
#BiharNews #MedicalNegligence #YouTubeSurgery #IndiaNews #JusticeForGolu