പണം നൽകി വാങ്ങിയ കേബിൾ രാത്രി വീട്ടിൽ നിന്ന് പോലീസ് ബലമായി കൊണ്ടുപോയെന്ന് യുവതിയുടെ പരാതി; നടപടിയാവശ്യപ്പെട്ട് എസ്പിയെ സമീപിച്ചു
● ബേക്കൽ ഫോർട്ട് തായൽ ഹൗസിൽ താമസിക്കുന്ന കെ ഐ സുലൈഖാബിയാണ് കാസർകോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്
● പുതിയ വീട് നിർമാണത്തിനായി ഇടനിലക്കാരനായ അബ്ദുല്ല വഴി 1,75,000 രൂപ നൽകിയാണ് കേബിളുകൾ വാങ്ങിയതെന്ന് യുവതി പറയുന്നു
● രാത്രി 11 മണിയോടെ വനിതാ പോലീസില്ലാതെ എത്തിയ എസ്ഐ അഖിൽ സെബാസ്റ്റ്യനും സംഘവും കേബിൾ ബലമായി എടുത്തു കൊണ്ടുപോയെന്നാണ് ആക്ഷേപം
● പിടിച്ചെടുത്ത കേബിളുകൾ പിന്നീട് പോലീസ് തന്നെ കടയുടമകൾക്ക് നിയമവിരുദ്ധമായി തിരികെ നൽകിയതായും പരാതിയിൽ ആരോപിക്കുന്നു
കാസർകോട്: (KasargodVartha) പണം നൽകി നിയമാനുസൃതമായി വാങ്ങിയ ഇലക്ട്രിക് കേബിൾ രാത്രി വീട്ടിൽ കയറി വനിതാ പോലീസിൻ്റെ സാന്നിധ്യമില്ലാതെ ബലമായി പിടിച്ചെടുത്ത് കൊണ്ടുപോയെന്ന ആരോപണവുമായി ബേക്കൽ സ്വദേശിനിയായ യുവതി ജില്ലാ പോലീസ് മേധാവി ബി വി വിജയ് ഭാരത് റെഡ്ഡിക്ക് പരാതി നൽകി.
ബേക്കൽ ഫോർട്ട് തായൽ ഹൗസിൽ താമസിക്കുന്ന കെ ഐ സുലൈഖാബിയാണ് കാസർകോട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. സംഭവത്തിൽ ബേക്കൽ പോലീസ് സ്റ്റേഷനിലെ എസ്ഐ അഖിൽ സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വീട്ടിൽ നിന്ന് കൊണ്ടുപോയ കേബിൾ തിരികെ ലഭ്യമാക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതിക്കിടയാക്കിയ സംഭവം
പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ബേക്കലിൽ കുടുംബസമേതം താമസിക്കുന്ന തനിക്ക് തറവാട് വീടിന് സമീപമായി സ്വന്തം വീടിൻ്റെ നിർമാണം പുരോഗമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. വീടിൻ്റെ ഇലക്ട്രിക്കൽ ജോലികൾക്കായി ആവശ്യമായ ഇലക്ട്രിക് കേബിളുകൾ വാങ്ങുന്നതിനായി നാലാം മൈലിലെ എ അബ്ദുല്ല എന്നയാളെ ഇടനിലക്കാരനായി ചുമതലപ്പെടുത്തിയിരുന്നുവെന്നും സുലൈഖാബി പറയുന്നു.
ഇലക്ട്രിക് ജോലികൾ ചെയ്യുന്ന അബ്ദുല്ല മുൻപ് സഹോദരിയുടെ വീട്ടിൽ വയറിംഗ് ജോലികൾ ചെയ്തിട്ടുള്ളയാളാണെന്നും കേബിളുകളുടെ ഗുണനിലവാരത്തിലും വിലയിലും നല്ല പരിചയമുള്ളതിനാലാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. യുദ്ധസാധ്യത മൂലം കേബിളുകളുടെ വില ഉയരാൻ സാധ്യതയുണ്ടെങ്കിലും നിലവിലെ വിലയിൽ തന്നെ സാധനങ്ങൾ വാങ്ങി നൽകാമെന്ന് അബ്ദുല്ല ഉറപ്പ് നൽകിയിരുന്നുവെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ 2025 നവംബർ മാസം മുതൽ വിവിധ തവണകളായി 1,75,000 രൂപ അബ്ദുല്ലയ്ക്ക് നൽകിയതായും പരാതിയിൽ പറയുന്നു.
നേരിട്ട് കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഇടനിലക്കാരൻ മുഖേന വാങ്ങിയാൽ കൂടുതൽ ഡിസ്‌കൗണ്ടും മികച്ച ഗുണമേന്മയുള്ള കേബിളുകളും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇയാളെ ചുമതലപ്പെടുത്തിയതെന്നും സുലൈഖാബി പറയുന്നു. താൻ ആവശ്യപ്പെട്ട പ്രകാരമുള്ള കേബിളുകൾ വാങ്ങി മേയ് ഒൻപതിന് വൈകുന്നേരം വീട്ടിലെത്തിക്കുകയും ബിൽ കൈമാറുകയും ചെയ്തുവെന്നാണ് പരാതിയിലെ മറ്റൊരു പ്രധാന വെളിപ്പെടുത്തൽ.
വീട്ടിലെത്തി ഭീഷണിപ്പെടുത്തി
എന്നാൽ അന്നേ ദിവസം വൈകിട്ട് ആറരയോടെ ചിലർ വീട്ടിലെത്തി, അബ്ദുല്ല അവരുടെ കടയിൽ നിന്നാണ് കേബിൾ വാങ്ങിയതെന്നും അതിൻ്റെ ബിൽ തുക അടച്ചിട്ടില്ലെന്നും അതിനാൽ കേബിൾ തിരികെ വാങ്ങാനാണ് എത്തിയതെന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് സുലൈഖാബി അബ്ദുല്ലയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, 'നിങ്ങൾ ആവശ്യപ്പെട്ട കേബിൾ തന്നിട്ടുണ്ട്, അതിൻ്റെ ബില്ലും നൽകിയിട്ടുണ്ട്, കടക്കാരുടെ പണം ഞാൻ നൽകും, കേബിൾ തിരികെ നൽകേണ്ടതില്ല' എന്നാണ് അബ്ദുല്ല പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ കേബിൾ നിയമാനുസൃതമായി വാങ്ങിയതാണെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ നിയമപരമായി സമീപിക്കാമെന്നും വീട്ടിൽ നിന്ന് പോകണമെന്നും എത്തിയവരോട് ആവശ്യപ്പെട്ടതായും സുലൈഖാബി പറയുന്നു. എന്നാൽ 'കേബിൾ തിരികെ ലഭിക്കാതെ പോകില്ല', 'ഞങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയില്ല', 'ഞങ്ങൾ പറഞ്ഞാൽ പോലീസ് വീട്ടിലെ അടുക്കളയിൽ നിന്ന് വരെ സാധനങ്ങൾ എടുത്ത് നൽകും' എന്നിങ്ങനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇവരുടെ ശബ്ദം കേട്ട് അയൽവാസികൾ ഇടപെട്ടതോടെയാണ് സംഘം തിരിച്ചുപോയതെന്നും പരാതിയിൽ പറയുന്നു.
പോലീസ് ഇടപെടൽ
തുടർന്ന് അന്നേ ദിവസം രാത്രി 11 മണിയോടെ ബേക്കൽ പോലീസ് സ്റ്റേഷനിലെ എസ്ഐ അഖിൽ സെബാസ്റ്റ്യനും മൂന്ന് പോലീസുകാരും നേരത്തെ വീട്ടിലെത്തിയ സംഘത്തെയും കൂട്ടി വീണ്ടും വീട്ടിലെത്തിയതായും പരാതിയിൽ പറയുന്നു. 'ഇവരുടെ കേബിൾ തിരികെ കൊടുക്കണം' എന്ന് ആവശ്യപ്പെട്ടപ്പോൾ, 'പണം നൽകി ബിൽ വാങ്ങിയ കേബിൾ എന്തിനാണ് തിരികെ നൽകേണ്ടത്' എന്ന് ചോദിച്ചതായും, അതിന് 'കേബിൾ ഇപ്പോൾ പോലീസ് കൊണ്ടുപോകും, നാളെ സ്റ്റേഷനിൽ വന്ന് തിരികെ വാങ്ങിക്കോളൂ' എന്നാണ് മറുപടി ലഭിച്ചതെന്നും സുലൈഖാബി പരാതിയിൽ ആരോപിക്കുന്നു.
കേബിൾ നൽകാൻ വിസമ്മതിച്ചതോടെ വനിതാ പോലീസിൻ്റെ സാന്നിധ്യമില്ലാതെ എസ്ഐ അഖിൽ സെബാസ്റ്റ്യനും കടയുടമകളും ചേർന്ന് ബലംപ്രയോഗിച്ച് രാത്രിയിൽ വീട്ടിൽ നിന്ന് കേബിൾ എടുത്തുകൊണ്ടുപോയെന്നാണ് പരാതിയിലെ ആരോപണം.
പോലീസ് സ്റ്റേഷനിലെ ദുരനുഭവം
പിറ്റേദിവസം രാവിലെ ബേക്കൽ പോലീസ് സ്റ്റേഷനിൽ എത്തി കേബിൾ തിരികെ ആവശ്യപ്പെട്ടെങ്കിലും, 'കേബിൾ തിരികെ നൽകാൻ സാധിക്കില്ല, വേണമെങ്കിൽ മറ്റൊരു കടയിൽ നിന്ന് കേബിൾ വാങ്ങി വീട് പണി പൂർത്തിയാക്കൂ' എന്നാണ് പോലീസ് പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. വീണ്ടും കേബിൾ ആവശ്യപ്പെട്ടപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തിരിച്ചയച്ചതായും പരാതിയിൽ പറയുന്നു.
തുടർന്ന് രണ്ടുമൂന്നു ദിവസത്തോളം സ്റ്റേഷനിൽ വിളിച്ചുവരുത്തിയെന്നും ഇതിനിടെ അബ്ദുല്ലയ്‌ക്കെതിരെ പരാതി നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടതായും സുലൈഖാബി പറയുന്നു. അബ്ദുല്ല പറഞ്ഞതുപോലെ കേബിൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അത് വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോയത് പോലീസാണെന്നും പറഞ്ഞപ്പോൾ, 'പോലീസിനെതിരെ കേസ് എടുക്കാൻ കഴിയില്ല, കേബിൾ തിരികെ വേണമെങ്കിൽ അബ്ദുല്ലയ്‌ക്കെതിരെ പരാതി നൽകണം' എന്നാണ് പറഞ്ഞതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ അബ്ദുല്ലയ്‌ക്കെതിരെ പരാതി നൽകിയെങ്കിലും കേബിൾ തിരികെ ലഭിച്ചില്ലെന്നും സുലൈഖാബി ആരോപിക്കുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് പിടിച്ചെടുത്ത കേബിൾ എസ്ഐ അഖിൽ സെബാസ്റ്റ്യൻ തന്നെ കടയുടമകൾക്ക് തിരികെ നൽകിയതായി അറിയാൻ കഴിഞ്ഞതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അബ്ദുല്ലയും കടയുടമകളും തമ്മിൽ സാമ്പത്തിക പ്രശ്നമുണ്ടായിരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കേണ്ടതിന് പകരം, താൻ നിയമാനുസൃതമായി വാങ്ങിയ കേബിൾ വീട്ടിൽ നിന്ന് പോലീസ് അനധികൃതമായി പിടിച്ചെടുത്തുവെന്നാണ് സുലൈഖാബിയുടെ ആരോപണം. വീട്ടിൽ നിന്ന് പോലീസ് എടുത്തുകൊണ്ടുപോയ കേബിൾ തിരികെ ലഭ്യമാക്കാനും നിയമവിരുദ്ധമായി കേബിൾ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ എസ്ഐ അഖിൽ സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സുലൈഖാബി ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതി നിഷേധിച്ച് എസ്ഐ
അതേസമയം സുലൈഖാബിയുടെ പരാതി വസ്തുതാവിരുദ്ധമാണെന്നും ഇതിൻ്റെ എല്ലാ രേഖകളും തൻ്റെ കൈവശമുണ്ടെന്നും ബേക്കൽ എസ്ഐ മാധ്യമങ്ങളോട് പറഞ്ഞു. ഇലക്ട്രീഷ്യനായ അബ്ദുല്ല പണം നൽകാതെയാണ് കടയിൽ നിന്നും കേബിൾ കൊണ്ടുപോയി സുലൈഖാബിക്ക് കൊടുത്തതെന്നും എസ്ഐ വിശദീകരിച്ചു.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ പ്രാദേശിക വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമന്‍റ് ചെയ്യൂ.
Article Summary: A woman from Bekal filed a complaint with the Kasaragod District Police Chief, alleging that local police, led by an SI, forcibly took electric cables from her house at night over a payment dispute between her electrician and a shopkeeper. The SI denied the allegations.
#KasaragodNews #BekalPolice #KeralaPoliceComplaint #SIAkhilSebastian #ElectricCableDispute #KasaragodSP






