Arrested | ബേക്കല്‍കോട്ട കാണാന്‍ കാറിലെത്തിയ യുവാവിനെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണവും വെള്ളി കൈ ചെയിനും തട്ടിയെടുത്തെന്ന കേസില്‍ മൂന്നംഗ സംഘം അറസ്റ്റില്‍
പിടിയിലായത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാക്കള്‍.
ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരനും സുഹൃത്തുമാണ് അക്രമത്തിനിരയായത്.
2 ബൈകുകളിലായാണ് പ്രതികള്‍ എത്തിയത്.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബേക്കല്‍: (KasargodVartha) കോട്ട കാണാന്‍ കാറിലെത്തിയ യുവാവിനെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണവും വെള്ളി കൈ ചെയിനും തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്രീജിത്ത് (26), അബ്ദുല്‍ വാഹിദ് (25), അഹ് മദ് കബീര്‍ (26) എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ സ്വാദിഖ് എന്ന പ്രതി ഒളിവിലാണെന്ന് ബേക്കല്‍ സിഐ അരുണ്‍ ഷാ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബക്രീദ് (17.06.2024) ദിനത്തില്‍ വൈകുന്നേരം 3.30 മണിയോടെ ബേക്കല്‍കോട്ടയിലെ പാര്‍കിങ്ങ് സ്ഥലത്തുവെച്ച് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരനും കൂടെയുണ്ടായിരുന്ന 19 കാരിയായ പെണ്‍സുഹൃത്തുമാണ് പിടിച്ചുപറിക്ക് ഇരയായത്.
യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കി 2000 രൂപ വില വരുന്ന വെള്ളി കൈ ചെയിന്‍ തട്ടിയെടുക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍വെച്ചിരുന്ന യുവതിയുടെ ബാഗില്‍നിന്നും 5000 രൂപയും കവര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഇരുവരും ബേക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
രണ്ട് ബൈകുകളിലായാണ് പ്രതികള്‍ എത്തിയത്. ഒരു വാഹനത്തിന്റെ നമ്പര്‍ ഇരയായ യുവാവ് നോക്കി മനസിലാക്കുകയും ചെയ്തിരുന്നു. ഈ ഇരുചക്രവാഹനത്തിന്റെ നമ്പര്‍വെച്ചാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഷായും എസ്‌ഐ മനീഷും സംഘവും ചേര്‍ന്ന് പ്രതികളെ വീടുകളിലെത്തി അറസ്റ്റ് ചെയ്തത്. പിടിയിലായ ശ്രീജിത്ത് ഒഴികെയുള്ള മറ്റുരണ്ടുപേരുടെയും പേരില്‍ അടിപിടിയും മയക്കുമരുന്ന് കേസും നിലവില്‍ ഉള്ളതായി ബേക്കല്‍ പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.