പുരാവസ്തു ശേഖരം കണ്ടെത്തി: ബേക്കലിലെ വീട്ടിൽ അമൂല്യവസ്തുക്കൾ; ആർക്കിയോളജി വകുപ്പ് പരിശോധന നടത്തും
● വീട് സീൽ ചെയ്ത് പുരാവസ്തു വകുപ്പിന് കൈമാറി.
● മുറിയിൽ ഉഗ്രവിഷമുള്ള പാമ്പുകളെ കണ്ടെത്തി.
● സംരക്ഷിത സാധനങ്ങൾ സർക്കാർ ഏറ്റെടുക്കും.
ബേക്കൽ: (KasargodVartha) ഗൾഫിൽ അറബിയുടെ സഹായിയായിരുന്ന, അന്തരിച്ച ബേക്കൽ സ്വദേശിയുടെ അടഞ്ഞുകിടന്ന വീട്ടിൽ അമൂല്യമായ പുരാവസ്തു ശേഖരം കണ്ടെത്തി. വീട്ടിൽ നിന്ന് വാളുകളും തോക്കുകളും ഉൾപ്പെടെ നൂറിലധികം സാധനങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. വീട് സീൽ ചെയ്ത് പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചതായി ബേക്കൽ ഇൻസ്പെക്ടർ ശ്രീദാസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയാണ് പോലീസ് കോട്ടിക്കുളം സ്വദേശി അബ്ദുള്ള കുഞ്ഞിയുടെ വീട്ടിലെത്തിയത്. 2017-ൽ മരിച്ച അബ്ദുള്ള കുഞ്ഞിയുടെ വീടിനോട് ചേർന്നുള്ള മുറി ദീർഘകാലമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ മുറിയിൽ നിന്നാണ് പുരാതന പാത്രങ്ങൾ, വാളുകൾ, തോക്കുകൾ തുടങ്ങി നൂറിലധികം വസ്തുക്കൾ കണ്ടെത്തിയത്.

പുരാവസ്തുക്കൾ ശേഖരിച്ച് സൂക്ഷിക്കുന്ന ശീലം അബ്ദുള്ള കുഞ്ഞിക്കുണ്ടായിരുന്നുവെന്നും, ഇവയെല്ലാം ഷട്ടറിട്ട മുറിയിൽ സൂക്ഷിച്ചിരുന്നതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഈ വസ്തുക്കൾക്ക് എത്ര വർഷം പഴക്കമുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്താൻ സംസ്ഥാന പുരാവസ്തു വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
പോലീസ് പരിശോധന നടത്തിയപ്പോൾ മുറിക്കുള്ളിൽ ഉഗ്രവിഷമുള്ള പാമ്പുകളെ കണ്ടെത്തിയതോടെയാണ് പുരാവസ്തു വകുപ്പ് അധികൃതർ എത്തിയ ശേഷം കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചത്. സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട വസ്തുക്കളാണെങ്കിൽ സർക്കാർ അവ ഏറ്റെടുക്കും. അല്ലാത്തവ വീട്ടുകാർക്ക് കൈമാറും.
അബ്ദുള്ള കുഞ്ഞി മരിച്ചതിന് ശേഷം ഭാര്യ ബന്ധുവീട്ടിലാണ് താമസം. രണ്ട് മക്കൾ വിദേശത്താണ്.
ഈ കണ്ടെത്തലിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: Antique collection found in a closed house in Bekal.
#Kerala #Bekal #Archaeology #Police #Antiques #Kasargod






