Robbery | കെ സി റോഡിൽ പട്ടാപ്പകൽ ബാങ്കിൽ കൊള്ള; തോക്കിൻ മുനയിൽ നിർത്തി 15 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും കവർന്നു

● തോക്കും വാളുകളും ഉപയോഗിച്ചാണ് കവർച്ച നടത്തിയത്.
● കവർച്ചക്കാർ കന്നഡയിലും ഹിന്ദിയിലും സംസാരിച്ചു.
● കർണാടക സ്പീക്കർ യു ടി ഖാദർ സംഭവസ്ഥലം സന്ദർശിച്ചു.
മംഗ്ളുറു: (KasargodVartha) നാടിനെ നടുക്കി പട്ടാപ്പകൽ ബാങ്കിൽ കൊള്ള. ആയുധധാരികളായ സംഘം 15 കോടി രൂപയുടെ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും കവർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊട്ടേക്കർ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് ബാങ്കിന്റെ കെ സി റോഡ് ശാഖയിലാണ് സംഭവം നടന്നത്. തോക്കും വാളുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ ആറംഗ സംഘം ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.
കവർച്ചയ്ക്ക് ശേഷം അക്രമികൾ ചാരനിറത്തിലുള്ള ഫിയറ്റ് കാറിൽ രക്ഷപ്പെട്ടു. തോക്കുകളും വാളുകളുമായി ബാങ്കിലേക്ക് ഇരച്ചുകയറിയ സംഘം, മൂന്ന് വനിതാ ജീവനക്കാർ, ഒരു പുരുഷ ജീവനക്കാരൻ, സിസിടിവി ടെക്നീഷ്യൻ എന്നിവരെ തോക്കിൻമുനയിൽ നിർത്തി. എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബാങ്കിന്റെ ലോക്കർ ബലമായി തുറന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്ന ശേഷം അക്രമികൾ കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കവർച്ച നടക്കുന്ന സമയത്ത്, താഴത്തെ നിലയിലെ ഒരു ബേക്കറിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളോട് ബാങ്കിലേക്ക് വരാതിരിക്കാൻ അക്രമിസംഘം ആവശ്യപ്പെടുകയും ചെയ്‌തു. അക്രമികൾ പരസ്പരം കന്നഡയിൽ സംസാരിച്ചെങ്കിലും ബാങ്ക് ജീവനക്കാരുമായി ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ജീവനക്കാർ മൊഴി നൽകി. കവർച്ച നടന്ന സമയത്ത് ബാങ്കിലെ സിസിടിവി സംവിധാനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരുന്നു. ഇത് ശരിയാക്കാൻ വന്ന ടെക്നീഷ്യനും കവർച്ചയുടെ ഇരയായി. കവർച്ചക്കാർ ടെക്നീഷ്യന്റെ കയ്യിൽ നിന്ന് ഒരു മോതിരം ബലമായി എടുക്കുകയും ചെയ്തു.
കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ സംഭവസ്ഥലം സന്ദർശിക്കുകയും അന്വേഷണം വേഗത്തിലാക്കാനും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടാനും പൊലീസിന് നിർദ്ദേശം നൽകി. ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
#Mangaluru #BankRobbery #Crime #Karnataka #GoldLoot #PoliceInvestigation